ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ വയനാട് ചെമ്പ്രമലക്കു താഴെ ആശങ്കയോടെ കഴിയുകയാണ് എരുമക്കൊല്ലി സ്കൂളിലെ 29 കുട്ടികള്‍. വന്യജീവി ആക്രമണമുള്ള മലക്കു താഴ്വാരത്തെ പൊളിഞ്ഞു വീഴാറായ കെട്ടിടത്തില്‍ നിന്ന് സ്കൂള്‍ മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി വൈകുന്നുവെന്നാണ് പരാതി.
എരുമക്കൊല്ലി സ്കൂളിലെ കുട്ടികള്‍ക്ക് ആദ്യ പാഠം ഭയമാണ്. വര്‍ഷങ്ങളായി തുടങ്ങിയിട്ട്. മുപ്പതോളം കുട്ടികളും 3 അധ്യാപകരും കുന്നിന്‍ മുകളിലെ സ്തകൂളില്‍ ഉള്ള് പിടിഞ്ഞാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ചെമ്പ്രമലയുടെ താഴ്വാരത്ത് വനത്തോട് ചേര്‍ന്നുള്ള സ്കൂള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
തോട്ടം തൊഴിലാളികളുടെ മക്കളാണ് സ്കൂളിനെ പ്രധാനമായി ആശ്രയിക്കുന്നത്. മഴ തകര്‍ത്തു പെയ്താല്‍ പിന്നെ നെഞ്ച് പിടിക്കും. ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയ ചെമ്പ്രക്കുന്ന് സമീപമുണ്ടെന്നതാണ് കാരണം ഉരുളിനെ മാത്രമല്ല, പിന്നെയുമുണ്ട് ഭയം, പകല്‍ സമയത്ത് പോലും സ്കൂളിനടുത്ത് കട്ടാനകളടക്കം വന്യജീവികളെത്തും. ഗതാഗത യോഗ്യമായ റോഡു പോലുമില്ല. അപകടകരമല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് സ്തകൂള്‍ മാറ്റി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും എരുമക്കൊല്ലിയില്‍ സ്ഥലം കണ്ടെത്തിയെന്നൊഴിച്ച് കാര്യമായ മറ്റു നീക്കങ്ങളൊന്നും ഉണ്ടായില്ല. മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയ അന്ന് എരുമക്കൊല്ലി സ്കൂളിനു സമീപം മൂന്നിടത്ത് വലിയ മണ്ണിടിച്ചിലുണ്ടായി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതാണ്. ഇനിയൊരു തീരാ പെയ്ത്തിനു കാത്തിരിക്കാതെ നടപടി വേണമെന്നാണ് നിസഹായരായ അധ്യാപകരുടെയും രക്ഷിതാക്കളുടേയും ആവശ്യം..