rahul-gandhi-nirmala-sitharaman

കേന്ദ്ര ബജറ്റിന് പിന്നാലെ കടുത്ത വിമർശനമാണ് ഇന്ത്യ മുന്നണി പാർട്ടികളുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാനങ്ങളെ ബജറ്റിൽ തഴഞ്ഞതിനെയും ബിഹാർ- ആന്ധ്രാപ്രദേശ് എന്നിവയിലേക്ക് ചുരുങ്ങിയതിനെയുമാണ് ഇന്ത്യ മുന്നണി വിമർശിക്കുന്നത്. മുന്നണിയുടെ എംപിമാർ ബുധനാഴ്ച പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ബജറ്റ് കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 

കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ന്യായ് പത്രയുടെ കോപ്പിയായി പല പദ്ധതികളും കേന്ദ്ര ബജറ്റിലേക്ക് പകർത്തി എന്നാണ് കോൺ​ഗ്രസ് പാർട്ടിയുടെ ആരോപണം. കോപ്പി പേസ്റ്റ് സർക്കാർ കോൺ​ഗ്രസ് പ്രകടന പത്രികയെ ഉപയോഗിച്ചു എന്നാണ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷമാണ് ധനമന്ത്രി നിർമലാ സീതാരാമൻ കോൺഗ്രസ് മാനിഫെസ്റ്റോ വായിച്ചതെന്ന് മുൻധനമന്ത്രി പി ചിദംബരവും പറഞ്ഞു.  

ആരോപണം ഈ പദ്ധതികളിൽ

തലക്കെട്ടുകളിൽ നിറഞ്ഞ ബജറ്റ് പ്രഖ്യാപനമായിരുന്നു തൊഴിലില്ലായ്മ പരിഹരിക്കാനുള്ള തൊഴിൽ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും യുവാക്കൾക്കുള്ള ഇൻറേൺഷിപ്പ് പ്രോ​ഗ്രാമും. രണ്ടും കോൺ​ഗ്രസ് പ്രകടനപത്രികയിലുള്ളവയാണെന്ന് പാർട്ടി ആരോപിക്കുന്നു. നി‌ർമലാ സീതാരമൻ പ്രഖ്യാപിച്ച ഇൻറേൺഷിപ്പ് പ്രോഗ്രാം കോൺഗ്രസിൻറെ ന്യായ് പദ്ധതി കോപ്പിയാണെന്നാണ് ജയറാം രമശ് എക്സിൽ കുറിച്ചത്. 5 വർഷത്തിനുള്ളിൽ 1 കോടി യൂത്തിന് 500 മികച്ച കമ്പനികളിൽ ഇന്റേൺഷിപ്പ് സൗകര്യമാണ് പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്. 

കോൺഗ്രസിൻറെ 2024 ലെ ന്യായ് പത്രയിൽ നിന്നുള്ള പെഹ്‌ലി നൗക്രി പക്കി എന്ന് വിളിക്കുന്ന അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമാണ് ധനനന്ത്രി അവതരിപ്പിച്ചതെന്നാണ് വാദം. എല്ലാ ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപ്രൻ്റീസ്ഷിപ്പ് ഗ്യാരന്റിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാൽ തലക്കെട്ടുകൾക്ക് മാത്രമായി 1 കോടി പേർക്ക് എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം എന്നും ജയറാം രമേശ് വിമർശിക്കുന്നു.  

തൊഴിൽ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം

കോൺഗ്രസ് പ്രകടന പത്രികയിലുള്ള തൊഴിൽ-ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) ആണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് മുൻധനമന്ത്രി പി. ചിദംബരം പറഞ്ഞു. മാനിഫെസ്റ്റോയുടെ പേജ് 30-ൽ പറഞ്ഞിരിക്കുന്ന പദ്ധതി ഫലത്തിൽ സ്വീകരിച്ചതിൽ  സന്തോഷമുണ്ടെന്നായിരുന്നു അദ്ദേ​ഹത്തിന്റെ എക്സിലെ കുറിപ്പ്. തൊഴിൽ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ മൂന്ന് പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 

പുതിയ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് ഒരു മാസത്തെ ശമ്പളം ഇൻസെൻറീവായി നൽകുന്നതാണ് ഒരു പദ്ധതി. നിർമാണ മേഖലയിൽ തൊഴിലവസരം ഉണ്ടാക്കുന്നതിന് തൊഴിലുടയമക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 10 വർഷം മിണ്ടാതിരുന്ന ശേഷം, രാജ്യത്ത് തൊഴിലില്ലായ്മ ഉടനെ പരിഹാരം കാണേണ്ട ദേശിയ പ്രതിസന്ധിയാണെന്ന് കേന്ദ്ര സർക്കാറിന് ഇപ്പോൾ മനസിലായെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 

ENGLISH SUMMARY: