vijay-with-his-flag

തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി സൂപ്പര്‍ താരം വിജയ്. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും ചേര്‍ന്നതാണ് പതാക. പതാകയുടെ നടുവിലായി രണ്ട് ആനകളും വാകപ്പൂവുമുണ്ട്. ഇതൊരു പാര്‍ട്ടിക്കൊടി അല്ലെന്നും തമിഴ്നാടിന്‍റെ ഭാവി മാറ്റി മറിക്കുന്ന കൊടിയായായാണ്  കാണുന്നതെന്നും വിജയ് പറഞ്ഞു. താന്‍ പറയാതെ തന്നെ വീടുകളിലും ഒരോരുത്തരും അവരുടെ ഹൃദയങ്ങളിലും ഈ കൊടി ഉയര്‍ത്തുമെന്ന്  പ്രതീക്ഷിക്കുന്നതായും വിജയ് പറഞ്ഞു. കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത പോലെ,  പതാകയ്ക്കും രസകരമായ ഒരു പശ്ചാത്തലമുണ്ട്. പ്രത്യയശാസ്ത്രത്തെയും നയത്തെയും കുറിച്ച് പറയുമ്പോൾ  അത് വെളിപ്പെടുത്തുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. 

 

പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും താരം പുറത്തിറക്കി.സംഗീത സംവിധാകന്‍ തമന്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയത്. ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിക്കാനും പാതക ഉയര്‍ത്താനും വിജയ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളില്‍ വേണം കൊടിമരം സ്ഥാപിക്കേണ്ടത്. അനുമതിയില്ലാതെ പൊതു സ്ഥലങ്ങളില്‍ കൊടിമരം സ്ഥാപിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം വിഴുപുരത്തെ വിക്രവാണ്ടിയില്‍ നടക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും വിജയ്​യുടെ സംസ്ഥാന പര്യടനം തുടങ്ങുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026–ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം.

ENGLISH SUMMARY:

Tamilaga Vetri Kazhagam President And Actor Vijay To Introduce His Party Flag