pinarayi-vijayan-03

വയനാട് ദുരന്തനിവാരണത്തിനായി ചെലവഴിച്ച തുകയെന്ന പേരില്‍ വരുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി. പുറത്തുവന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല. അധികസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു. ഭാവിയില്‍ ആവശ്യമായി വരുന്ന ചെലവുകള്‍ കൂടി ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ചെലവഴിച്ച തുകയെന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വയനാട് ദുരന്തനിവാരണത്തിന്റ ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  നല്‍കിയത് പെരുപ്പിച്ച കണക്കെന്ന്  ആക്ഷേപം. യഥാര്‍ഥത്തില്‍ ചെലവായതിന്റ പതിന്‍മടങ്ങാണ് കാണിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.  കേന്ദ്രമാനദണ്ഡപ്രകാരം കൂടുതല്‍ സഹായം കിട്ടാന്‍ വേണ്ടി തയാറാക്കിയ എസ്റ്റിമേറ്റെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വാദം.  

ഒരു മൃതദേഹത്തിന് 75000 രൂപ വച്ച് 359 മൃതദേഹം സംസ്കരിക്കാന്‍  2.76 കോടി രൂപ. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉപകരണങ്ങള്‍ എത്തിച്ചവകയിലും ഗതാഗത സൗകര്യം ഒരുക്കിയ വകയിലമായി 7 കോടി, ഭക്ഷണത്തിന് പത്തുകോടി,ദുരിതാശ്വാസ ക്യാംപിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴുകോടി,ക്യാംപിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ച വകയില്‍ 11 കോടി, ബെയ് ലി പാലത്തിന് അടിയില്‍ കല്ല് നിരത്തിയതിന് ഒരു കോടി..ഇങ്ങനെ പോകുന്നു ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്ക്. ഇതെല്ലാം പെരുപ്പിച്ച കണക്കല്ലേയെന്നതാണ് പൊതുസമൂഹത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം ഇങ്ങനെ. 

മാനദണ്ഡം വച്ച് നോക്കിയാല്‍ കേന്ദ്രത്തില്‍ നിന്ന് ആകെ കിട്ടുക 219 കോടിയാണ്. പക്ഷെ യഥാര്‍ഥ നഷ്ടം 1600 കോടിയിലധികമാണ്.  ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തിയ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പ്രതീക്ഷിക്കുന്ന ചെലവിന്റെ കണക്ക് സമര്‍പ്പിച്ചതെന്നും അതിന്റ പകര്‍പ്പാണ് ഹൈക്കോടതിയില്‍ കൊടുത്തതെന്നും ശേഖര്‍ കുര്യാക്കോസ് പറയുന്നു. തെറ്റായ പ്രചാരണങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാനേ വഴിവയ്ക്കുകയുള്ളുവെന്നും ശേഖര്‍ വ്യക്തമാക്കി.