കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിൽ ഉറ്റുനോക്കി പ്രതിരോധമേഖല. ജെറ്റ് എൻജിൻ കൈമാറ്റത്തിലും റീപ്പർ ഡ്രോൺ ഇടപാടിലും അന്തിമ രൂപമാകുമെന്നാണ് പ്രതീക്ഷ. നാളെ മുതൽ മൂന്ന് ദിവസമാണ് പ്രതിരോധമന്ത്രിയുടെ അമേരിക്ക സന്ദർശനം.
ചൈനീസ്, പാക് അതിർത്തികളിൽ ഗെയിം ചേഞ്ചറാകാൻ പോകുന്ന MQ-9B റീപ്പർ ഡ്രോണിടപാടിൽ ചർച്ച തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. കര - നാവിക - വ്യോമസേനകൾക്കായി ലോകത്തെ ഏറ്റവും മികച്ച 31 ഡ്രോണുകൾ വാങ്ങുന്നതിൽ ഊന്നിയാകും പ്രതിരോധമന്ത്രിയുടെ ചർച്ചകൾ. തേജസ് യുദ്ധവിമാനങ്ങൾക്കായി GE-F404, 414 ടർബോ എൻജിനുകൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനും അടിയന്തരമായി ആവശ്യമുണ്ട്. വളരെ നേരത്തെ നടക്കേണ്ടിയിരുന്ന പ്രതിരോധ ഇടപാടുകൾ വൈകിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ സംശയിക്കുന്നുണ്ട്.
ഡ്രോണിടപാട് നവംബറിൽ അന്തിമരൂപമാക്കാനാണ് നീക്കം. ശതകോടികളുടെ പ്രതിരോധ ഇടപാടുകൾക്കായി മൂന്നുസായുധ സേനകളും വർഷങ്ങളായി കാത്തിരിക്കുകയാണ്. 2007 മുതൽ ഇതുവരെ ഇന്ത്യ 1,84,000 കോടി രൂപയുടെ ആയുധങ്ങളാണ് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തത്.