ലോകകപ്പ് വിജയത്തോടെ ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് ബിജെപി എംഎല്‍എ കൂടിയായ ഭാര്യ റിവാബ ജഡേജയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിജെപി അംഗത്വമെടുത്ത കാര്‍ഡ് സഹിതമാണ് റിവാബ എക്സില്‍ പോസ്റ്റ് ഇട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ അംഗത്വം പുതുക്കിയ സെപ്റ്റംബര്‍ 2നാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗമായത്.
2019ല്‍ ബിജെപിയില്‍ ചേര്‍ന്ന റിവാബ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയത്. അന്ന് ഭാര്യക്കു വേണ്ടി ജഡേജയും പ്രചാരണരംഗത്തു സജീവമായിരുന്നു. 50,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. അതേസമയം തന്നെ അന്ന് ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസിനായും പ്രചാരണരംഗത്തെത്തിയിരുന്നു.
അതേസമയം ഇത്തവണത്തെ അംഗത്വഡ്രൈവില്‍ മൂന്ന് ദിവസത്തിനിടെ ഒരു കോടിയിലേറെപ്പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്ദേ പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും അംഗത്വം പുതുക്കിയവരില്‍പ്പെടുന്നു. അംഗത്വമെടുക്കുന്നവരുടെ എണ്ണത്തില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്നാണ് ദേശീയ നേതൃത്വം അവകാശപ്പെടുന്നത്.