രാഹുല്‍ ഗാന്ധിക്കെതിരായ ഭീഷണി പ്രസ്താവനയില്‍ ബിജെപി അധ്യക്ഷന് മറുപടിയുമായി കോണ്‍ഗ്രസ്. പരാജയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ വിദ്വേഷവും ധ്രുവീകരണവും തുടരുന്നു. പ്രധാനമന്ത്രിയുടെ മൗനം അസ്വസ്ഥതയുണ്ടാക്കുന്നു. നഡ്ഢയുടെ കത്തിലെ വാദങ്ങള്‍ ബാലിശവും ഉപരിപ്ലവവുമെന്നും ജയറാം രമേശ് പ്രതികരിച്ചു. 

രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസ്– ബി.ജെ.പി പോര് ശക്തമാകുന്നു. ദേശവിരുദ്ധശക്തികൾക്കൊപ്പം നില്‍ക്കുന്ന രാഹുൽ ഗാന്ധിയെ ചൊല്ലി  കോണ്‍ഗ്രസ് അഭിമാനം കൊള്ളുന്നത് എന്തിനെന്ന് ജെ.പി.നഡ്ഡ ചോദിച്ചു.  വിദ്വേഷത്തെ  പ്രോത്സാഹിപ്പിക്കല്‍ ആണെന്ന്  കോൺഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ് പരാതിയില്‍ കേന്ദ്രമന്ത്രി രവ്നീത് ബിട്ടുവിനെതിരെ ബെംഗലൂരു പൊലീസ് കേസ് എടുത്തു.

കേന്ദ്ര മന്ത്രി രവ് നീത് ബിട്ടു  അടക്കമുള്ള എന്‍ഡിഎ നേതാക്കൾ രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി പ്രസ്താവനകൾ തുടരുന്നതില്‍ നടപടി ആവശ്യപെട്ട്  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ബി ജെ പി നേത്യത്വത്തെ ചൊടിപ്പിച്ചത്. കോൺഗ്രസിനെ കടന്നാക്രമിച്ച് 3 പേജുള്ള മറുപടി കത്താണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഖർഗെക്കയച്ചത്. രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും ചെയ്ത കൊള്ളരുതായ്മകൾ മറച്ചുവെക്കുന്നതാണ് ഖർഗെയുടെ കത്ത്. രാഹുൽ വിദേശ ശക്തികളുടെ പിന്തുണ തേടുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രധാനമന്ത്രിയെ മരണത്തിന്റെ വ്യാപാരി എന്നും  കള്ളൻ എന്നും വിളിച്ചതും കത്തില്‍ ഓർമ്മിപ്പിച്ചിട്ടുണ്ട്.

രാജ്യതാൽപ്പര്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ജ്ഞാനവും ശക്തിയും കോൺഗ്രസിന് നൽകണമെന്ന് പ്രാർഥിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. ബെംഗലൂരു പൊലീസ് കേസ് എടുത്തിട്ടും  രവ്നീത് ബിട്ടു പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ്.  ബിട്ടുവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഹിന്ദു സേന തലവൻ സുർജിത് സിംഗ് യാദവ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.