khattar-on-congress-selja-surjewala-joining-bjp

എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയും എം.പിയുമായ കുമാരി സെല്‍ജ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സെല്‍ജ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും പറഞ്ഞു.  

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളാണ് കുമാരി സെല്‍ജ പക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് ഒന്‍പതെണ്ണം മാത്രം. നാര്‍നൗദ് മണ്ഡലത്തില്‍ നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വിശ്വസ്തന്‍ അജയ് ചൗധരിക്കും സീറ്റ് നല്‍കിയില്ല. പിന്നാലെ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് കുമാരി സെല്‍ജ. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഹരിയാനയ്ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ഏഴിന ഉറപ്പുകള്‍ പ്രഖ്യാപിച്ച ചടങ്ങിലും സെല്‍ജ പങ്കെടുത്തില്ല. ഇതോടെയാണ് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. സാധ്യതകളൊന്നും തള്ളിക്കളയാനാവില്ലെന്ന് കേന്ദ്രമന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ലാല്‍ ഖട്ടര്‍ പ്രതികരിച്ചു

സിര്‍സയും ഫത്തേഹബാദും അടക്കം പല മണ്ഡലങ്ങളിലും നിര്‍ണായ സ്വാധീനമുള്ള നേതാവാണ് കുമാരി സെല്‍ജ. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയ്ക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ആധിപത്യം സ്ഥാപിക്കുന്നുവെന്നാണ് ഇരുവര്‍ക്കും പരാതി.

ENGLISH SUMMARY:

Former Haryana CM Khattar on Congress Kumari Selja joining BJP