ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോഴും തൂക്കുസഭവന്നാല്‍ നിര്‍ണായകമാവുക സ്വതന്ത്രരുടെ നിലപാട്. ജമാഅത്തെ ഇസ്‌ലാമി അനുകൂലികളും എന്‍ജിനീയര്‍ റഷീദിന്‍റെ പാര്‍ട്ടിയും മല്‍സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടാവുമോ എന്നതിനെചൊല്ലിയും വിവാദം ശക്തമായി.

ജമ്മു കശ്മീരില്‍  കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് വേണമെന്നിരിക്കെ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യത്തിന് 35 മുതല്‍ 50 സീറ്റുകള്‍ വരെയാണ് വിവിധ സര്‍വെകള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 20 മുതല്‍ 32 സീറ്റുകള്‍ പറയുമ്പോള്‍ പി.ഡി.പി തകര്‍ന്നടിയുമെന്നാണ് വിലയിരുത്തല്‍. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ സ്വതന്ത്രരായി മല്‍സരിച്ച ജമാ അത്തെ ഇസ്ലാമി അനുകൂലികളും എന്‍ജിനീയര്‍ റഷീദിന്റെ എ.ഐ.പി പാര്‍ട്ടിയും ആരെ പിന്തുണയ്ക്കും എന്നത് നിര്‍ണായകമാകും. 

നാല് മുതല്‍ 16 വരെ സീറ്റുകളാണ് ഇവര്‍ക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.  ബി.ജെ.പിക്ക് മുപ്പതിലേറെ സീറ്റുകള്‍ ലഭിക്കുകയും പിന്തുണയ്ക്കാന്‍ സ്വതന്ത്രര്‍ തയാറാവുകയും ചെയ്താല്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം കാഴ്ചക്കാരാകേണ്ടിവരും. പി.ഡി.പി. നാഷണല്‍ കോണ്‍ഫറന്‍സുമായോ ബി.ജെ.പിയുമായോ കൈകോര്‍ക്കുമെന്ന് കരുതാന്‍ വയ്യ. ഇതിനിടെയാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന  അഞ്ച് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടാകുമോ എന്ന ആശങ്ക വിവിധ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ സ്വാഭാവികമായും ബി.ജെ.പിയെ ആയിരിക്കും പിന്തുണയ്ക്കുക. ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന് തുല്യമാവും അതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ENGLISH SUMMARY:

The National Conference-Congress alliance has an upper hand in Jammu and Kashmir