haryana

എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. 8 ന്  ഫലം വന്നാൽ വിജയത്തിന്‍റെ ശോഭ കെടുത്താതെ ഉടന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ശ്രമം. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയ്ക്കാണ് കൂടുതൽ സാധ്യത. അതേസമയം ജമ്മുകശ്മീരിൽ എന്‍ജിനീയര്‍ റഷിദുമായി എഐസിസി നിരീക്ഷകർ സംസാരിച്ചേക്കും.

 

വമ്പന്‍ വിജയം ഉണ്ടായാലും ഹരിയാനയിലെ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വെല്ലുവിളിയാണ്.  അഭിപ്രായ ഭിന്നതയും മുഖ്യമന്ത്രി പദത്തിനായുള്ള വടം വലിയും രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് എല്ലാവരെയും അനുനയിപ്പിക്കല്‍ കടമ്പയാകും. നിയമസഭാ , ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച  മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ ഭൂപീന്ദർ ഹൂഡയ്ക്ക് തന്നെ മുഖ്യമന്ത്രി പദം ലഭിച്ചേക്കും. 2005 മുതല്‍ 2014 വരെ രണ്ട് തവണ മുഖ്യമന്ത്രിയായ ഹൂഡ ക്യാന്പില്‍ നിന്നാണ് സ്ഥാനാര്‍ഥികളേറെയും. പ്രായവും രണ്ട് തവണ മുഖ്യമന്ത്രിയായതും ചൂൂണ്ടിക്കാട്ടി ഹൂഡക്കെതിരെ പോര് മുറുക്കുകയാണ് കുമാരി സെൽജ.  എക്കാലവും പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ഒപ്പം നിന്നതും ദേശീയ സംസ്ഥാനതലത്തിലുള്ള അനുഭവ പരിചയവും കണക്കിലെടുത്ത് ദലിത് വനിതയായ തനിക്ക് മുഖ്യമന്ത്രി പദം നല്‍കണമെന്നാണ്  സെൽജയുടെ ആവശ്യം. സെല്‍ജയുടെ വാദം അംഗീകരിക്കപ്പെട്ടാല്‍ ഭൂപീന്ദര്‍ ഹൂഡ മകന്‍ ദീപേന്ദ്ര ഹൂഡക്കായി പിടിമുറുക്കും. രണ്‍ദീപ് സുര്‍ജെവാല, പിസിസി അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരും അവകാശ വാദവുമായി രംഗത്തുണ്ട്. അതേസമയം ആര്‍ക്കും കേവല ഭൂരിപക്ഷം ഉറപ്പിച്ച് പറയാത്ത ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി എഐസിസി നിരീക്ഷകന്‍ ഛരണ്‍ ജിത്ത് ഛന്നി എഞ്ചിനിയര്‍ റാഷിദുമായി നേരിട്ട് സംസാരിച്ചേക്കും. ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും ബിജെപിയുമായി സഹകരിക്കില്ലെന്ന് പിഡിപിയും വ്യക്തമാക്കിയിട്ടുണ്ട്. 

The Congress has initiated discussions on forming a government in Haryana: