Security personnel stand guard ahead of the counting of the Jammu and Kashmir Assembly elections, at Polytechnic College in Jammu on Monday. (ANI Photo)

ജമ്മുകശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം അറിയാം. ഹരിയാന കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ നല്‍കിയ സൂചന. ഹരിയാനയിൽ കോൺഗ്രസ് പൂര്‍ണ ആത്മ വിശ്വാസത്തിലാണ്. ജമ്മുകശ്മീരിൽ എന്താകും യഥാര്‍ഥ ഫലമെന്ന ആകാംക്ഷയിലാണ് എല്ലാ പാര്‍ട്ടികളും.

ജമ്മു കശ്മീരിലും ഹരിയാനയിലും ക്യത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യ സൂചനകള്‍ വരും. 10 മണിയോടെ ഏകദേശചിത്രം വ്യക്തമാകും. രണ്ടിടത്തും 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകള്‍ വേണം. ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അനുകൂലമായതോടെ ഹരിയാനയയില്‍ ആരാകണം മുഖ്യമന്ത്രി എന്നതിലും സര്‍ക്കാര്‍ രൂപീകരണത്തിലും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങി്ക്കഴിഞ്ഞു. നിയമസഭ– ലോക്സഭ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ മുഖ്യമന്ത്രിയായേക്കും.

പത്തുവര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നാണ് സര്‍വെകളെല്ലാം പ്രവചിച്ചത്. കേവല ഭൂരിപക്ഷം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പി.ഡി.പിയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ്– നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യം ശ്രമം തുടങ്ങി. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചേക്കുമെന്നാണ് എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അവകാശത്തിലാണ് പ്രതിപക്ഷത്തിന് ആശങ്ക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അംഗങ്ങളെ നാമമിര്‍ദേശം ചെയ്താല്‍ അവരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കും. സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാണ്.

ENGLISH SUMMARY:

Jammu and Kashmir and Haryana Assembly election result will be out shortly. Exit polls indicate that the Congress will sweep Haryana, while no party is expected to secure an absolute majority in Jammu and Kashmir. The Congress is full of confidence in Haryana, while all parties in Jammu and Kashmir are eagerly awaiting the actual results.