ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കി നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ഉടന്‍ അവകാശവാദം ഉന്നയിക്കും. ജമ്മു കശ്മീരില്‍ അടുത്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു. Also Read : മല്‍സരിക്കില്ലെന്ന ശപഥം മറന്ന് വിജയവഴിയില്‍ ഒമര്‍ അബ്ദുല്ല

ആകെയുള്ള 90 സീറ്റില്‍ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യം 48 സീറ്റില്‍ വിജയിച്ചിരുന്നു. ഒരു സീറ്റില്‍ മല്‍സരിച്ച് വിജയിച്ച സിപിഎമ്മും സഖ്യത്തിന്‍റെ ഭാഗമാണ്. ലഫ്. ഗവര്‍ണര്‍ അഞ്ച് എംഎല്‍എമാരെ ശുപാര്‍ശ ചെയ്യുമ്പോഴും സഖ്യത്തിന് ഭീഷണിയില്ല. ജമ്മുവില്‍ ബിജെപി 29 സീറ്റിലാണ് വിജയിച്ചത്.

അതേസമയം, കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ജാതിമത വിദ്വേഷം പടര്‍ത്തുകയാണ്. ജനം അവര്‍ക്ക് നോ എന്‍ട്രി ബോര്‍ഡ് വച്ചു. ജമ്മു കശ്മീരില്‍ ഭരണഘടനയുടെ അന്തസ്സത്ത പുനഃസ്ഥാപിച്ചുവെന്നും ഡല്‍ഹിയിലെ BJP ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.  

തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരുടെ ജയാരവങ്ങള്‍ക്കിടയിലൂടെ മോദി പാര്‍ട്ടി ആസ്ഥാനത്തേത്ത്. ജയ് ശ്രീറാം വിളികള്‍ മുഴങ്ങി. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി ബി.ജെ.പിയുടെ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു. ഹരിയാനയിലെ ജനങ്ങൾ താമരപ്പൂക്കാലം നൽകി.  വീണ്ടും വീണ്ടും ജനങ്ങൾ ബിജെപി സർക്കാരുകളെ തിരഞ്ഞെടുക്കുന്നു. എന്നാൽ കോൺഗ്രസിന് ഒരിക്കൽ വോട്ട് ചെയ്തവർ പിന്നെ ചെയ്യില്ല. തിരഞ്ഞെടുപ്പിന്‍റെ നിഷ്കളങ്കതയെ കോണ്‍ഗ്രസ് ചോദ്യംചെയ്യുകയാണെന്നും വോട്ടിങ്ങ് മഷീൻ ആരോപണം സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.  

ജമ്മു കശ്മീരിൽ ആദ്യമായി ശാന്തമായി തിരഞ്ഞെടുപ്പ് നടന്നു. വോട്ട് ശതമാനത്തിൽ ബിജെപി മുന്നിലെത്തി. പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോള്‍ കശ്മീര്‍ കത്തുമെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്നും മോദി. രാവിലെ ലഡു വിതരണം ചെയ്തവര്‍ വൈകിട്ട് വീട്ടിലൊളിച്ചെന്ന് എഐസിസി ആസ്ഥാനത്തെ ആഘോഷത്തെ പരിഹസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും ദേശീയ ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുത്തു.