കേരളത്തിലെ ലോക്സഭാ, നിയമസാ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന്. നവംബര്‍ 23ന് ഫലമറിയാം. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഇനി 28 ദിവസം മാത്രം. ഈ മാസം 18ന് വിജ്ഞാപനമിറങ്ങും. ഒക്ടാബര്‍ 25 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. 28ന് സൂക്ഷ്മ പരിശോധന. 30നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായി നവംബര്‍ 20 ന് വോട്ടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടമാണ് പോളിങ്. നവംബര്‍ 13, 20. എല്ലായിടത്തെയും ഫലപ്രഖ്യാപനം നവംബര്‍ 23നാണ്.
രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയതോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. സിപിഐയുടെ സീറ്റായ വയാനാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആനി രാജയാണ് മല്‍സരിച്ചത്. ഇക്കുറി ഇടത് സ്ഥാനാര്‍ഥിയാരാകുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
മുന്‍മന്ത്രി കെ രാധാകൃഷ്ണനായിരുന്നു ചേലക്കരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത് . രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. ആലത്തൂരില്‍ രാധാകൃഷ്ണനോട് മല്‍സരിച്ച് തോറ്റ രമ്യഹരിദാസിനെ ചേലക്കരയില്‍ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാടിന്‍റെ എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നാണ് ലോക്‌സഭയിലേക്ക് വിജയിച്ചത് . രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ചേലക്കരയില്‍ യു.ആര്‍. പ്രദീപും പാലക്കാട് ബിനുമോളും സിപിഎം സ്ഥാനാര്‍ഥികളാകുമെന്നാണ് പ്രതീക്ഷ.
ഹരിയാന തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഇ.വി.എമ്മില്‍ കൃത്രിമം സാധിക്കില്ല. ചിഹ്നം പതിച്ചശേഷം എല്ലാ പാര്‍ട്ടി പ്രതിനികള്‍ക്കും പരിശോധിക്കാന്‍ അവസരമുണ്ട്. ബാറ്ററി ഊരിമാറ്റിയാണ് സ്ട്രോങ് റൂമിലേക്ക് മാറ്റുന്നത്. എക്സിറ്റ് പോളുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. വോട്ടെണ്ണല്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ട്രെന്‍ഡ് പറയുന്നത് ശരിയല്ല. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോഴേക്കും ഒരുമണിക്കൂര്‍ പിന്നിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.