ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ചിത്രം പിടിഐ

ഹേമന്ത് സോറനെതിരെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാര് എന്നതാണ് ജാര്‍ഖണ്ഡിലെ ഇപ്പോഴത്തെ ചര്‍ച്ച.  സംസ്ഥാനത്തെ 66 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബി.ജെ.പി, സോറന്‍ മല്‍സരിക്കുന്ന മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണ്. ഹേമന്ത് സോറനെതിരെ മല്‍സരിക്കാന്‍ ബി.ജെ.പിക്ക് ഭയമാണെന്ന് ജെ.എം.എം പരിഹസിക്കുന്നു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്ന മണ്ഡലം ബാഹൈത് ആണ്.  മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്‍റെ സിറ്റിങ് സീറ്റ്.  68 സീറ്റില്‍ മല്‍സരിക്കുന്ന ബി.ജെ.പി 66 ലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. സോറനെതിരെ ബി.ജെ.പിക്ക് യോഗ്യനായ സ്ഥാനാർത്ഥിയില്ലെന്നാണ് ജെ.എം.എമ്മിന്‍റെ പരിഹാസം. 

ഹേമന്ത് സോറനെതിരെ മത്സരിക്കാൻ പല മുതിർന്ന നേതാക്കളോടും കാവി പാർട്ടി ആവശ്യപ്പെട്ടതായി കേട്ടു, അത് അവരുടെ കരിയറിനെ നശിപ്പിക്കുമെന്നതിനാൽ നിരസിച്ചെന്നാണ് ജെ.എം.എം  നേതാവ് മഹുവ മാജി പറഞ്ഞത്. 

2014ല്‍ ഹേമന്ത് സോറനെ തോല്‍പിച്ച ബി.ജെ.പിയുടെ ജനപ്രിയവനിത നേതാവ് ലൂയിസ് മറാണ്ടിയെ ബാഹൈതില്‍ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടിയിലെ ആലോചന.  അവര്‍ സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സഖ്യകക്ഷിയായ എജെഎസ്‌യു തലവൻ സുധേഷ് മഹ്തോക്ക് താല്‍പര്യമുള്ള തുണ്ടി മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ENGLISH SUMMARY:

BJP announces candidates, excluding Hemant Soren's constituency