ആദിത്യ താക്കറെ മല്‍സരിക്കുന്ന മുംബൈ വര്‍ളി സീറ്റില്‍ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ബിജെപിയും എംഎന്‍എസും രംഗത്തിറങ്ങുന്നതോടെ മഹാവികാസ് അഘാഡിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

രണ്ടാമൂഴം തേടി ആദിത്യ താക്കറെ ഇറങ്ങുമ്പോള്‍ ഭാവി ഉപമുഖ്യമന്ത്രി എന്ന വിശേഷണമാണ് ശിവസേന ഉദ്ധവ് പക്ഷം യുവനേതാവിന് നല്‍കുന്നത്. പിതാവ് ഉദ്ധവ് താക്കറെയ്ക്കൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചതും ജനകീയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്ന രീതിയും 34കാരനായ ആദിത്യയുടെ ഇമേജ് ഉയര്‍ത്തിയിട്ടുണ്ട്. റോഡ് ഷോയുടെ അകമ്പടിയോടെ ആണ് വര്‍ളി സീറ്റില്‍ പത്രിക സമര്‍പ്പണത്തിനായി എത്തിയത്. 

ശിവസേനയിലെ പിളര്‍പ്പിന് ശേഷം ഇക്കുറി അല്‍പ്പം കടുപ്പമാണ് കാര്യങ്ങള്‍. ഷിന്‍ഡെ പക്ഷം സീറ്റ് ബിജെപിക്ക് വിട്ടുനല്‍കി ഇവിടെ ശക്തമായ മല്‍സരത്തിന്‍റെ പ്രതീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബിജെപി ദേശീയ വക്താവ് എന്‍.സി.ഷൈനയെ രംഗത്തിറക്കാനാണ് നീക്കം. ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഷൈന 2004ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. രാജ് താക്കറെയുടെ എംഎന്‍എസ്, സന്ദീപ് ദേശ്‌പാണ്ഡയെ ഇവിടെ നേരത്തെ തന്നെ കളത്തില്‍ ഇറക്കിയിരുന്നു. ഉദ്ധവ് സേനയുടെ വോട്ട് ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഏതായാലും ത്രികോണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

ENGLISH SUMMARY:

The Mumbai Worli seat is set for a three-cornered fight