ജനിച്ചവരെല്ലാം സമന്‍മാരെന്ന നയപ്രഖ്യാപനവുമായി സൂപ്പര്‍താരം വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. സാമൂഹ്യനീതിയില്‍ ഊന്നിയ മതേതര സമൂഹമാണെന്ന് ലക്ഷ്യമെന്ന് വ്യക്തമാക്കിയ വിജയ്, സാമൂഹികനീതി, സമത്വം , മതേതരത്വം എന്നതാണ് പാര്‍ട്ടിനയമെന്ന് പ്രഖ്യാപിച്ചു. വില്ലുപുരം വിക്രവാണ്ടിയില്‍ രണ്ടു ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് പെരിയാറിനെ അനുസ്മരിച്ച് വൈകാരികമായി പാര്‍ട്ടി നയം പ്രഖ്യാപിച്ചത്.
Read Also: ‘സാമൂഹ്യനീതി, സമത്വം , മതേതരത്വം’; പാര്‍ട്ടി നയം പ്രഖ്യാപിച്ച് വിജയ്; ജനസാഗരം
ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയം കൊണ്ടുവരുമെന്നും തമിഴ് വികാരം ഉണര്‍ത്തി വിജയ് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലും മാറ്റം വേണം. മാറിയേ തീരൂവെന്നും ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ വിജയ് പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു വിജയ് നയപ്രഖ്യാപനം നടത്തിയത്.
പ്രസംഗത്തില്‍ ഡി.എം.കെയ്ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു താരം ഉയര്‍ത്തിയത്. ഡി.എം.കെ. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് . ആരുടെയെങ്കിലും എ ടീം, ബി ടീം എന്ന് വിശേഷിപ്പിച്ച് വീഴ്ത്താനാവില്ല. ആരുടെയും പേരുപറഞ്ഞ് വിമര്‍ശിക്കാത്തത് ഭയംകൊണ്ടല്ല. ആരെയും മോശക്കാരാക്കാന്‍ താല്‍പര്യമില്ല എന്നതിനാലാണ് ഈ നിലപാട്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷം നേടും. ജനം ടി.വി.കെ ചിഹ്നത്തില്‍ വോട്ടുചെയ്യും. അഴിമതിക്കാരെ പുറത്താക്കും. ടി.വി.കെയുടെ നയം അംഗീകരിക്കുന്ന പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതുപേക്ഷിച്ച് വന്നത് ജനത്തെ വിശ്വസിച്ചാണെന്നും വിജയ് പറഞ്ഞു.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വിജയ് സേതുപതി, സൂര്യ, ജയം രവി, പ്രഭു എന്നിവര്‍ ആശംസ നേര്‍ന്നു. അതേസമയം, സമ്മേളനത്തിന് എത്തിയവരില്‍ 120പേര്‍ നിര്‍ജലീകരണം കാരണം കുഴഞ്ഞുവീണു.