നുഴഞ്ഞുകയറ്റം ചര്‍ച്ചയാക്കിയും സാധാരണക്കാരെ സ്വാധനിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയും ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക. വനിതകള്‍ക്ക് മാസം 2,100 രൂപ നല്‍കുമെന്നും 500 രൂപയ്ക്ക് ഗാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും റാഞ്ചിയില്‍ സങ്കല്‍പ് പത്രിക പുറത്തിറക്കിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡിലെ ന്യൂനപക്ഷത്തെ കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ നടത്തിയ പരാമര്‍ശത്തിനെതിരെ ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

ബംഗ്ലദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റമാണ് ജാര്‍ഖണ്ഡില്‍ ബി.ജെ.പി പ്രധാന പ്രചാരണായുധമാക്കുന്നത്. ജാര്‍ഖണ്ഡിന്‍റെ അസ്ഥിത്വത്തേയും മണ്ണിനേയും വനിതകളേയും അപകടത്തിലാക്കുന്ന സര്‍ക്കാര്‍ വേണോ അതോ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ഏകസിവില്‍കോഡ് നടപ്പാക്കും. എന്നാല്‍ ആദിവാസി വിഭാഗത്തെ ഇതില്‍നിന്ന് ഒഴിവാക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 

ദീപാവലിക്കും രക്ഷാബന്ധനും ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. സര്‍ക്കാര്‍ സര്‍വീസിലെ 2.87 ലക്ഷം ഒഴിവുകള്‍ നികത്തും. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് രണ്ടായിരം രൂപ വീതം ധനസഹായം,  ഗോഗോ ദീദി പദ്ധതി പ്രകാരം വനിതകള്‍ക്ക് മാസം 2100 രൂപ തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങള്‍. 

ജെ.എം.എം. സര്‍ക്കാര്‍ നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്‍റെ വോട്ട് മുന്നില്‍ക്കണ്ടാണെന്നുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ ഇന്ത്യ സഖ്യം രംഗത്തെത്തി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

ENGLISH SUMMARY:

BJP manifesto in Jharkhand with poppular promises.