എന്‍സിപിയിലെ പവാര്‍ കുടുംബത്തിന് ഇടയില്‍ വീണ്ടുമൊരു ബലപരീക്ഷണത്തിന് കളമൊരുക്കി മഹാരാഷ്ട്രയിലെ ബാരാമതിയില്‍ കടുത്ത പോരാട്ടം. അജിത് പവാറിന് എതിരെ സഹോദര പുത്രന്‍ യുഗേന്ദ്ര പവാറിനെ രംഗത്തിറക്കിയാണ് ശരദ് പവാറിന്‍റെ രാഷ്ട്രീയ പരീക്ഷണം. മത്സരം കുടുംബാംഗങ്ങള്‍ തമ്മിലല്ല ആശയങ്ങള്‍ തമ്മിലാണെന്ന് യുഗേന്ദ്ര പവാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിനിടയിലാണ് 32കാരനായ യുഗേന്ദ്ര പവാറിനെ കാണുന്നത്. മിക്ക യോഗങ്ങളിലും പ്രചാരണത്തിന് കരുത്തായി സഹോദരിയുടെ സ്ഥാനത്തുള്ള സുപ്രിയ സുളെയുണ്ട്. തന്‍റെ പിതാവ് ശ്രീനിവാസ് പവാറിന്‍റെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ എതിരാളിയായി എത്തുമ്പോള്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. കാരണമുണ്ട്. പിന്നിലുള്ളത് പവാര്‍ സാഹിബാണ്. ശരദ് പവാറാണ്. അജിത്തിന്‍റെ ബിജെപി കൂട്ടുകെട്ടില്‍ നിരാശരായ ഗ്രാമീണരുടെ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന് പ്രതീക്ഷ. കുടുംബം വേറെ പ്രത്യയശാസ്ത്രം വേറെ എന്ന് യുഗേന്ദ്ര പറയുന്നു.
ഏഴുതവണ തുടര്‍ച്ചയായി എംഎല്‍എ ആയിട്ടും ബാരാമതിയില്‍ കുടിവെള്ള പ്രശ്നം പോലും പരിഹരിക്കാന്‍ അജിത് പവാറിന് കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശനം. ശരദ് പവാറിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന യുഗേന്ദ്ര ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്. യുഗേന്ദ്രയെ മുന്നില്‍ നിര്‍ത്തി ശരദ് പവാറും അജിത് പവാറും വീണ്ടും നേരിട്ട് ഏറ്റമുട്ടുന്നതിന്‍റെ വീറും വാശിയും ഇവിടെ പ്രകടമാണ്.