കത്തിയെരിയുന്ന മണിപ്പുരില്‍ വീണ്ടും ഇടപെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയ ആഭ്യന്തരമന്ത്രി സുരക്ഷാ അവലോകന യോഗം വിളിച്ചു. സിആര്‍പിഎഫ് മേധാവി മണിപ്പുരിലേക്ക് പോകും. സായുധ സേനയുടെ പ്രത്യേക അധികാരനിയമം പിന്‍വലിക്കണമെന്ന മണിപ്പുര്‍ സര്‍ക്കാരിന്‍റെ ആവശ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
മൂന്നിടങ്ങളിലെ റാലികള്‍ റദ്ദാക്കിയാണ് അമിത് ഷാ മഹാരാഷ്ട്രയില്‍നിന്ന് മടങ്ങിയത്. ഇന്‍റലിജന്‍സ് ബ്യൂറോ, കരസേന, മറ്റ് കേന്ദ്രസേനകള്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിലയിരുത്തും. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അസം – മണിപ്പുര്‍ അതിര്‍ത്തിയായ ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ വ്യാപക ആക്രമണമുണ്ടായി. മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്‍റെ സ്വകാര്യ വസതിക്കുനേരെയും ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ഇംഫാലില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. 23 പേര്‍ അറസ്റ്റിലായി. 20 ദിവസത്തിനുള്ളില്‍ കുക്കി – മെയ്തെയ് വിഭാഗങ്ങളിലായി ഇരുപതോളം പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതില്‍ സായുധ സേനയുടെ വെടിയേറ്റ് മരിച്ചവരും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരുമുണ്ട്.
കുക്കി മേഖലയായ ചുരാചന്ദ്പൂരിലേക്കുള്ള ചരക്കുഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. എന്നാല്‍ ദേശീയപാത രണ്ട് വഴി അവശ്യവസ്തുക്കളടങ്ങിയ 456 വാഹനങ്ങള്‍ കടത്തിവിട്ടതായി മണിപ്പുര്‍ പൊലീസ് അറിയിച്ചു. സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി 107 പുതിയ ചെക്പോസ്റ്റുകള്‍ തുറന്നു. മണിപ്പുര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മിസോറാമില്‍ ജാഗ്രത നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. വിദ്വേഷ രാഷ്ട്രീയം ആളിക്കത്തിക്കുന്ന പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞു.