കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് മിന്നും ജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരി. രണ്ട് ബിജെപി സ്ഥാനാര്‍ഥികളെയും ഒരു ജെഡിഎസ് സ്ഥാനാര്‍ഥികളെയുമാണ് തോല്‍പ്പിച്ചത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെയും തോറ്റവരിലുണ്ട്.
ഷിഗ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്താന്‍ യാസിര്‍ അഹമ്മദ് ഖാന്‍ 13,448 വോട്ടിന് മുന്‍ മുഖ്യമന്ത്ി ബസവരാജ ബൊമ്മയുടെ മകന്‍ ഭരത് ബൊമ്മിയെ തോല്‍പ്പിച്ചു. ചന്നപട്ടണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിപി യോഗേശ്വര മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയെ 25,413 വോട്ടിന് തോല്‍പ്പിച്ചു. സന്ദൂരിൽ ബിജെപിയുടെ ബംഗാര ഹനുമന്തക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ഇ അന്നപൂർണ 9,649 വോട്ടുകൾക്ക് വിജയിച്ചു. ബല്ലാരി എംപി ഇ തുക്കാറാമിന്‍റെ ഭാര്യയാണ് അന്നപൂർണ.
മൂന്ന് മണ്ഡലത്തിലെയും എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. ഷിഗ്ഗാവില്‍ യാസിര്‍ അഹമ്മദ് ഖാനെ തോല്‍പ്പിച്ചാണ് ബസവരാജ ബൊമ്മൈ 2023 ല്‍ വിജയിച്ചത്. ചന്നപട്ടണയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് എച്ച്ഡി കുമാരസ്വാമി എംഎല്‍എയായത്. കോണ്‍ഗ്രസിലെ ഇ തുക്കാറാമായിരുന്നു നേരത്തെ സന്ദൂര്‍ എംഎല്‍എ.
ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് അംഗ സംഖ്യ 137 സീറ്റായി ഉയര്‍ന്നു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ സീറ്റ് പിടിച്ചെടുത്ത കോണ്‍ഗ്രസ് ഒരു സീറ്റ് നിലനിര്‍ത്തി.