maharashtra-bjp

മഹാരാഷ്ട്രയില്‍ ബിജെപി തരംഗം. പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ കടപുഴക്കി ബിജെപി സഖ്യമായ മഹായുതി വീണ്ടും അധികാരത്തിലേക്ക്. 288ല്‍ 228 ഇടത്ത് സഖ്യം മുന്നിലാണ്. ചരിത്രത്തിലെ കനത്ത തോല്‍വി പ്രതിപക്ഷ സഖ്യം ഏറ്റുവാങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖര്‍ക്ക് കാലിടറി. ജനപ്രിയ പദ്ധതികളുടെ വിജയമെന്ന് ഭരണപക്ഷവും പണമെറിഞ്ഞുള്ള നേട്ടമെന്ന് പ്രതിപക്ഷവും പ്രതികരിച്ചു.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      വോട്ടെണ്ണലില്‍ ആദ്യം മുതലേ മുന്നിലായിരുന്നു മഹായുതി. ഒരുഘട്ടത്തില്‍ പ്രതിപക്ഷസഖ്യം ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ 11 മണിക്ക് ശേഷം ബിജെപി സഖ്യത്തിന്‍റെ തകര്‍പ്പന്‍ മുന്നേറ്റമാണ് കണ്ടത്. കേവലഭൂരിപക്ഷമായ 145ഉം കടന്ന് 220ലേക്ക് ഒറ്റക്കുതിപ്പ്. പ്രതിപക്ഷത്തിന്‍റെ കോട്ടകളെല്ലാം കടപുഴകി. 2014ലെ റെക്കോഡ് തിരുത്തി ബിജെപി ഒറ്റയ്ക്ക് 125 സീറ്റുകള്‍ മറികടന്നു. എക്സിറ്റ് പോളുകള്‍ പോലും പ്രവചിക്കാത്ത വിജയം.

      ശിവസേന ഒന്നിച്ചുനിന്നപ്പോള്‍ കിട്ടിയത് 56 സീറ്റുകളാണെങ്കില്‍ ഇക്കുറി ഷിന്‍ഡെ പക്ഷം മാത്രം 54 സീറ്റുകള്‍ നേടി. മുംബൈയിലെ ഉദ്ധവ് താക്കറെയുടെ മേധാവിത്വം ബിജെപി പൊളിച്ചു. കോണ്‍ഗ്രസ് 18 സീറ്റിലേക്ക് താഴ്ന്നു. പ്രതിപക്ഷത്തിന് 50 സീറ്റ് മാത്രം. ഉദ്ധവ് താക്കറെയും ശരദ് പവാറും അവരുടെ തട്ടകങ്ങളില്‍ നേരിട്ടത് കനത്ത തിരിച്ചടി. 

      മുന്‍മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, ബാലാസാഹെബ് തോറാട്ട് എന്നിവര്‍ക്ക് കാലിടറി. സിപിഎമ്മിന് ദഹാനുവിലെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനായി. ഇത്രയും വലിയ തോല്‍വി പ്രതിപക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിജെപിക്ക് വേണ്ടി അദാനി പണമൊഴുക്കി നേടിയ അധാര്‍മിക വിജയമെന്ന് പ്രതിപക്ഷം.

      കഴിഞ്ഞ തവണ നഷ്ടമായ മുഖ്യമന്ത്രിപദം ഇക്കുറി ദേവേന്ദ്ര ഫഡ്നാവിസിന് ലഭിക്കുമെന്ന് തന്നെയാണ് സൂചനകള്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി നില്‍ക്കുമ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെയോ അജിത് പവാറോ അവകാശവാദം ഉന്നയിച്ചേക്കില്ല. മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ പൂര്‍ണമായും തകര്‍ത്തെറിയുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ലോക്‌സഭയിലെ നേട്ടത്തിന്‍റെ ഒരംശം പോലും സംസ്ഥാനത്ത് ആവര്‍ത്തിക്കാനായില്ല. ലാഡ്‍കി ബഹിന്‍ അടക്കമുള്ള ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് വനിതകളെ ആകര്‍ഷിച്ചതാണ് ബിജെപി സഖ്യത്തിന്‍റെ വന്‍ കുതിപ്പിന് കാരണമായി വിലയിരുത്തുന്നത്.

      ENGLISH SUMMARY:

      Maharashtra assembly election; Uddhav Thackeray leadership crumbles by BJP lead Mahayuti.