കേന്ദ്രസർക്കാർ സ്തുതിയുമായി കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ. കോവിഡ് കാലത്തെ വാക്സീൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ. തരൂരിനെ പിന്തുണച്ച് ബിജെപി രംഗത്തുവന്നു. ദ് വീക് മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂർ മോദി സർക്കാരിന്റെ വാക്സീൻ നയതന്ത്രത്തെ പുകഴ്ത്തുന്നത്. 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യൻ നിർമിത വാക്സിൻ വിതരണം ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സഹായഹസ്തം നീട്ടി. ഇതോടെ ആഗോള നേതാവെന്ന നിലയിൽ ഇന്ത്യ സ്ഥാനം വീണ്ടും ഉറപ്പിച്ചു. ഉത്തരവാദിത്തമുള്ള ആഗോള നേതാവെന്ന ഖ്യാതി ഇന്ത്യയുടെ വർധിച്ചു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും ചൈനയുടെ നീക്കങ്ങൾക്ക് തടയിടാൻ വാക്സിൻ നയതന്ത്രത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗത്തിന്റെ കേന്ദ്രസർക്കാർ സ്തുതി. കോൺഗ്രസ് നേതൃത്വം തരൂരിന്റെ ലേഖനത്തോട് മൗനം പാലിക്കുകയാണ്.
തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. ശശി തരൂരിനും കോൺഗ്രസ് നേതാക്കൾക്കും മനംമാറ്റമുണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗുജറാത്തിലെ അഹമ്മദാബാദിൽ എഐസിസി സമ്മേളനം ചേരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസിനെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ ലേഖനം.