മഹാരാഷ്ട്രയിലെ ഔറംഗസേബ് ശവകുടീരം പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെ സ്മാരകത്തിന് പൊലീസ് സുരക്ഷ ശക്തമാക്കി. വി.എച്ച്.പിയും ബജ്‍രംഗ്‍ദളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹിന്ദു സമൂഹത്തെ നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തിയ മുഗള്‍ ഭരണാധികാരിയുടെ ശവകുടീരം നീക്കം ചെയ്യണമെന്നാണ് വി.എച്ച്.പി അടക്കമുള്ള സംഘടനകളുടെ ആവശ്യം. സംഭാജി നഗറിലെ കുല്‍ദാബാദിലുള്ള സ്മാരകം പൊളിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ കര്‍സേവ നടത്തുമെന്നാണ് ഭീഷണി. മുഖ്യമന്ത്രിയെ കണ്ട് രോഖാമൂലം ആവശ്യം ഉന്നയിക്കും. കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്താന്‍ വിഎച്ച്പിയും ബജ്റംഗ്ദളും ആഹ്വാനം ചെയ്തു.
പ്രതിഷേധം മുന്നില്‍ കണ്ട് സ്മാരകത്തിന് പൊലീസ് സുരക്ഷ ശക്തമാക്കി. മുന്‍കരുതലിന്‍റെ ഭാഗമായി സമസ്ത ഹിന്ദുത്വ അഘാഡി നേതാവ് മിലിന്ദ് ഏക്‌ബോഡെയെ സംഭാജി നഗര്‍ ജില്ലയില്‍ നിന്ന് വിലക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകം നീക്കുന്നതില്‍ നിയമ തടസമുണ്ട്. മറാഠാ വികാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയില്‍ പ്രതിപക്ഷം ഇതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെ ജനശ്രദ്ധ തിരിക്കാന്‍ ഹിന്ദു– മുസ്‍ലിം വര്‍ഗീയ കാര്‍ഡ് ഇറക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.