മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതില്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയെന്ന ‘ദ് വയര്‍’ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുറത്തുവിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കെന്ന് കമ്മിഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ 5,38,225 പോസ്റ്റല്‍ വോട്ട് കണക്കാക്കിയില്ലെന്നാണ് കമ്മിഷന്‍ നിലപാട്.
സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷം വോട്ടുകള്‍ അധികമായി എണ്ണിയെന്ന കണക്കാണ് 'ദ് വയര്‍' മാഗസിന്‍ പുറത്തുവിട്ടത്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിൽ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ട് എന്നാണ് കമ്മിഷന്‍റെ കണക്ക്. എന്നാല്‍ ഫലപ്രഖ്യാപന ദിനത്തില്‍ എണ്ണിയ വോട്ടുകള്‍ ആകട്ടെ 6,45,92,508. അങ്ങനെ വരുമ്പോള്‍ അധികം എണ്ണിയ വോട്ടുകളുടെ എണ്ണം 5,04,313. ഈ പൊരുത്തക്കേട് എങ്ങനെ വന്നുവെന്ന ചോദ്യമാണ് ദി വയര്‍ മാഗസിന്‍റെ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്.