മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എയര്‍ലിഫ്റ്റിങിന് ചെലവായ തുക കേരളത്തില്‍ നിന്നും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്‍റിന് പുറത്ത് എംപിമാരുടെ പ്രതിഷേധം. കേരളം ഇന്ത്യയിലാണെന്ന മുദ്രാവാക്യമാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ്– എല്‍ഡിഎഫ് എംപിമാര്‍ ചേര്‍ന്ന് മുഴക്കിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയും മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ അണി ചേര്‍ന്നു. രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും അവര്‍ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം നിരാശാജനകമാണെന്നും രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വയനാടിന് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നാണ് എംപിമാരുടെ ആവശ്യം.
കേന്ദ്രസഹായം അഭ്യര്‍ഥിക്കുമ്പോള്‍ കേരളത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ. രാധാകൃഷ്ണന്‍ എം.പി. ആഭ്യന്തര മന്ത്രിക്ക് നല്‍കിയ കത്തിന് കേരളത്തിന് ലഭിച്ചത് കുറ്റപ്പെടുത്തലും അപമാനവുമാണ്. കേന്ദ്രസര്‍ക്കാരിന് അടിമ– ഉടമ നിലപാടാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.