ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് തമിഴഗ വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ്. സമൂഹമാധ്യമത്തിലൂടെയാണ് വിജയ് അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. അംബേദ്കര്‍ താരതമ്യങ്ങള്‍ക്കതീതനായ രാഷ്ട്രീയ– ബൗദ്ധിക പ്രതിഭയായിരുന്നുവെന്നും എല്ലാ പൗരന്‍മാര്‍ക്കും സ്വാതന്ത്ര്യം ലഭ്യമാക്കുകയായിരുന്നു അംബേദ്കറിന്‍റെ ആശയമെന്നും വിജയ് കുറിച്ചു. ചില വ്യക്തികള്‍ക്കിപ്പോഴും അംബേദ്കറിനോട് അലര്‍ജിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമാണ് അംബേദ്കറിന്‍റെ പാരമ്പര്യമെന്നും സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമാണ് ആ പേരെന്നും താരം കുറിച്ചു. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍..ഹൃദയത്തില്‍ സന്തോഷത്തോടെയും നാവില്‍ ആനന്ദത്തോടെയും ആ നാമം നമുക്ക് ഉരുവിട്ടുകൊണ്ടേയിരിക്കാം'- വിജയ് എഴുതി.
തന്‍റെ പാര്‍ട്ടിയായ ടിവികെയുടെ വിക്രവണ്ടിയിലെ സമ്മേളനത്തില്‍ അംബേദ്കറിന്‍റെ ആശയങ്ങള്‍ തനിക്ക് നല്‍കിയ പ്രചോദനത്തെ കുറിച്ച് വിജയ് വാചാലനായിരുന്നു. ദലിത് ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് വിക്രവണ്ടി. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് തന്‍റെ ലക്ഷ്യമെന്നും താരം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും ദലിതരാണെന്നാണ് 2011ലെ ജനസംഖ്യാ കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്നും ആറ് ശതമാനത്തോളം വര്‍ധന നിലവില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. ദലിത് പിന്നാക്ക വോട്ടുകള്‍ നേടി തമിഴ് രാഷ്ട്രീയത്തില്‍ ഇരിപ്പിടം ഉറപ്പിക്കാനാണ് വിജയ്യുടെ നീക്കം.
അംബേദ്കര്‍ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസിന് സ്വര്‍ഗത്തില്‍ പോകാമെന്നായിരുന്നു ഭരണഘടന ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ അമിത് ഷാ പറഞ്ഞത്. അംബേദ്കറിന്‍റെ പേര് ഉച്ചരിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. എന്നാല്‍ തന്‍റെ പ്രസംഗം കോണ്‍ഗ്രസ് വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ അനുസരിച്ച് പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അമിത് ഷാ പിന്നീട് വിശദീകരിച്ചു. രാജ്യസഭയില്‍ വലിയ പ്രതിഷേധമാണ് പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്. അമിത് ഷായെ പുറത്താക്കിയാല്‍ മാത്രമെ ജനം നിശബ്ദരായിരിക്കുവെന്നും അംബേദ്കര്‍ക്കുവേണ്ടി ജീവന്‍ബലികഴിക്കാന്‍ പോലും ആളുകള്‍ തയാറാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരിച്ചടിക്കുകയും ചെയ്തു. പ്രതിഷേധം പാര്‍ലമെന്‍റിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.