പാര്‍ലമെന്‍റ് വളപ്പില്‍ ബി.എര്‍.അംബേദ്കറെ ചൊല്ലിയുള്ള ഭരണ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലും ഉന്തുംതള്ളിലുമെത്തിയത് ഇന്ന് രാജ്യം കണ്ടു. സംഘര്‍ഷാന്തരീക്ഷത്തില്‍ നിലത്തുവീണ് രണ്ട് ബി.ജെ.പി എം.പിമാര്‍ക്ക് പരുക്കുമേറ്റു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 'തള്ളിയതിനെത്തുടര്‍ന്നാണ് വീണത് എന്നാണ് ബി.ജെ.പിയുടെ ആരോപണം. ആരാണ് തള്ളിയതെന്ന ചര്‍ച്ചയ്്ക്കിടെ പരുക്കേറ്റവര്‍ ആരാണെന്ന് നമുക്ക് പരിശോധിക്കാം.
ഒഡീഷയിലെ ബാലസോറിൽ നിന്നുള്ള ലോക്സഭാംഗം പ്രതാപ് ചന്ദ്ര സാരംഗിക്കും ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ നിന്നുള്ള മുകേഷ് രാജ്പുത്തിനുമാണ് പരുക്കേറ്റത്.
പ്രതാപ് ചന്ദ്ര സാരംഗി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമല്ല. 1999-ൽ, ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ട് കുട്ടികളെയും ബജ്‌റംഗ്ദൾ പ്രവർത്തകർ കിയോഞ്ജറിൽ ചുട്ടുകൊന്നപ്പോള്‍ ബജ്റങ്ദളിന്‍റെ സംസ്ഥാന പ്രസിഡൻ്റായിരുന്നു സാരംഗി. വിഎച്ച്പി സംസ്ഥാന ഘടകത്തിലെ മുതിർന്ന അംഗമായിരുന്ന സാംരഗി, വാധ്വ കമ്മീഷനു മുമ്പിലും സാക്ഷിയായി ഹാജരായിരുന്നു.
2002-ൽ, ബജ്‌റംഗ്ദള്ളടക്കമുള്ള ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ ഒഡീഷ നിയമസഭ ആക്രമിച്ചതിനെത്തുടർന്നുണ്ടായ കലാപത്തിനുപിന്നാലെ സാരംഗി അറസ്റ്റിലായി. കലാപം, ആക്രമണം, പൊതുസ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തത്. സാരംഗിക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകളുണ്ട്.
69 കാരനായ സാരംഗി രണ്ടാം തവണയാണ് എം.പിയാകുന്നത്. രണ്ടാം എൻഡിഎ സർക്കാരിൽ സഹമന്ത്രിയുമായിരുന്നു. 2019-ൽ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തൻ്റെ ഓല മേഞ്ഞ വീട്ടിൽ ചെറിയ ബാഗില്‍ സാധനങ്ങള്‍ നിറക്കുന്നതിന്‍റെ വിഡിയോയിലൂടെ സാരംഗി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ 2024 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 50 ലക്ഷം രൂപയുടെ സ്വത്താണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. പെൻഷനും കൃഷിയുമാണ് വരുമാനമാർഗമെന്നാണ് വിശദീകരണം.
പരുക്കേറ്റ രണ്ടാമത്തെ എം.പി മുകേഷ് രാജ്പുത്ത് 2014ൽ മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിനെ പരാജയപ്പെടുത്തിയാണ് ശ്രദ്ധേയനായത്.