പാർലമെന്‍റ് വളപ്പിലെ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ബിജെപി എം.പി ഹേമാംഗ് ജോഷിയുടെ പരാതിയിലാണ് ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ശാരീരിക ആക്രമണം, മുറിവേൽപ്പിക്കൽ, ഗുരുതരമായ പരുക്കേൽപ്പിക്കൽ, ക്രിമിനൽ ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. വധശ്രമകുറ്റവും ബിജെപി പരാതിയിൽ ആരോപിച്ചിരുന്നെങ്കിലും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.
സമാധാനപരമായി പ്രകടനം നടത്തവെ താനടക്കമുള്ള എം.പിമാർക്കെതിരെ രാഹുൽ ഗാന്ധി സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് ബലപ്രയോഗം നടത്തിയെന്നും മുകേഷ് രാജ്പുത്, പ്രതാപ് സാരംഗി എന്നിവർക്ക് പരുക്കേറ്റെന്നുമാണ് പരാതി. ബിജെപി എംപിമാർക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു.