മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാര വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണശരങ്ങളുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. പിതാവിനെ കോണ്‍ഗ്രസുകാര്‍ സംഘിയെന്ന് വിളിച്ചെന്നും മരണശേഷം അര്‍ഹമായ ആദരം നല്‍കിയില്ലെന്നും ശര്‍മിഷ്ഠ ആരോപിച്ചു. എന്നാല്‍ ശര്‍മിഷ്ഠയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പ്രണബ് മുഖര്‍ജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്താതിരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണെന്നും മകന്‍ അഭിജിത്ത് മുഖര്‍ജി മനോരമ ന്യൂസിനോട് പറഞ്ഞു.
ആർഎസ്എസ് ആസ്ഥാന സന്ദർശനത്തിന്‍റെ പേരിലാണ് പിതാവിനെ കോണ്‍ഗ്രസുകാര്‍ സംഘിയെന്ന് വിളിച്ചത്. എന്നാല്‍ മരണത്തിന്‍റെ വ്യാപാരി എന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ച മോദിയെ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ വച്ച് ആലിംഗനം ചെയ്തു. രാഹുലിനെ മോദിയുടെ കൂട്ടാളിയെന്ന് വിളിക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നാണ് ശര്‍മിഷ്ഠ മുഖർജിയുടെ ചോദ്യം. സേവകരായി നടക്കുന്ന ഇത്തരം വിഡ്ഢികളെയും കൊണ്ടാണ് രാഹുല്‍ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നടക്കുന്നത്. കോണ്‍ഗ്രസ് വെറുപ്പിന്റെ കട തനിക്കുനേരെ തുറന്നിടുമെന്നും ശര്‍മിഷ്ഠയുടെ പരിഹാസം.
മൻമോഹൻസിംഗിന് സമാനമായി വിലാപയാത്രയോ അനുശോചനയോഗമോ കോണ്‍ഗ്രസ് ഒരുക്കിയില്ലെന്ന് ശര്‍മിഷ്ഠ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളുകയാമ് സഹോദരൻ അഭിജിത്ത് മുഖർജി. പിതാവിന് അർഹമായ ബഹുമാനം ലഭിക്കാതെ പോയതിനു കാരണം കോവിഡ് നിയന്ത്രണങ്ങളാണെന്ന് അഭിജിത്ത്. അതിനിടെ മന്‍മോഹന്‍ സിങ്ങിന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യൽ ചടങ്ങില്‍ നേതാക്കൾ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കുടുംബത്തിൻറെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്നും ഇക്കാര്യം മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.