സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന പാലാ കിഴതടിയൂർ സഹകരണബാങ്കിന് മുന്നിൽ നിക്ഷേപക പ്രതിഷേധം. നിക്ഷേപകർക്ക് കാലങ്ങളായി തുച്ഛമായ തുക മാത്രമാണ് തിരികെ നൽകിവരുന്നത്. അനധികൃതമായി ഭരണസമിതി അംഗങ്ങൾ വായ്പകൾ അനുവദിച്ചതോടെയാണ് ബാങ്ക് തകർന്നത്.
മികച്ച നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന കിഴതടിയൂർ ബാങ്ക് ജനവിശ്വാസം ആർജ്ജിച്ചതോടെ, കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് കാലാകാലങ്ങളിൽ ബാങ്കിലെത്തിയത്. നീതി മെഡിക്കൽ സ്റ്റോറുകളും സ്‌കാനിംഗ് സെന്‍ററുകളുമടക്കം ജനോപാകരപ്രദമായ പദ്ധതികളും നടപ്പാക്കി. എന്നാൽ അധികാരം ദുരുപയോഗപ്പെടുത്തി അനുവദിച്ച കോടികളുടെ വായ്‌പകൾ ബാങ്കിനെ കടക്കെണിയിലാക്കുകയായിരുന്നു. സംസ്ഥാനത്തിന്‍റെ മറ്റ് പലയിടങ്ങളിലും സഹകരണബാങ്കുകൾക്ക് സംഭവിച്ച സമാന സാഹചര്യംതന്നെയാണ് കിഴതടിയൂർ ബാങ്കിലും ഉണ്ടായത്.
വലിയ തുക നിക്ഷേപിച്ചവർക്കും മാസം 5000 രൂപ മാത്രമാണ് ലഭിക്കുന്നത്. പിന്നാലെ നിക്ഷേപകർ സമര രംഗത്തേക്ക് ടൗൺചുറ്റി പ്രതിഷേധത്തിനുശേഷം നിക്ഷേപകർ ബാങ്കിനു മുന്നിലെത്തി. അനധികൃതമായി വായ്പ അനുവദിച്ച ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടി വേണമെന്നാണ് സമരസമിതിയുടെ ആവശ്യം.