ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പിയുടെ പ്രകടന പത്രിക. എല്ലാ വനിതകള്‍ക്കും മാസം 2500 രൂപ ഉറപ്പുനല്‍കുന്ന മഹിളാ സമൃദ്ധിയോജനയാണ് ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനം. അധികാരത്തില്‍ എത്തിയാല്‍ പാചകവാതക സിലിണ്ടറിന് അഞ്ഞൂറ് രൂപ സബ്സിഡി നല്‍കുന്നതിനൊപ്പം ഹോളിക്കും ദീപാവലിക്കും ഓരോ സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഗര്‍ഭിണികള്‍ക്ക് 21,000 രൂപ ധനസഹായം, 70 വയസുകഴിഞ്ഞ എല്ലാവര്‍ക്കും 10 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, 70 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ 3000 രൂപയാക്കും എന്നിങ്ങനെ നീളുന്നു സങ്കല്‍പപത്രികയിലെ വാഗ്ദാനങ്ങള്‍. എ.എ.പി. സര്‍ക്കാര്‍ ആരംഭിച്ച മൊഹല്ല ക്ലിനിക്കുകള്‍ അടച്ചുപൂട്ടുമെന്നും നിലവിലെ സൗജന്യങ്ങള്‍ തുടരുമെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നല്‍കുന്ന സൗജന്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ബി.ജെ.പിയെന്ന് അരവിന്ദ് കേജ്‍രിവാള്‍ പരിഹസിച്ചു. എ.എ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ തുടരുമെന്നാണ് ബി.ജെ.പി പ്രകടനപത്രിക പറയുന്നതെന്നും അത് ചെയ്യാന്‍ തനിക്ക് അറിയാമെന്നും അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു. ഹരിയാനയില്‍ ബി.ജെ.പി. പ്രഖ്യാപിച്ചതൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ഗുസ്തി താരവുമായി വിനേഷ് ഫോഗട്ട് കുറ്റപ്പെടുത്തി. ബി.ജെ.പിയും എ.എ.പിയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും വിനേഷ് ഫോഗട്ട്.