രാമായണ കഥ ഉദ്ധരിച്ച് ബി.ജെ.പിയെ കടന്നാക്രമിക്കാനുള്ള AAP ചെയര്‍മാന്‍ അരിവന്ദ് കേജ്‌രിവാളിന്‍റെ ശ്രമം ബൂമറാംഗായി. സീതയെ തട്ടിക്കൊണ്ടുപോയ കഥാഭാഗത്തില്‍ മാരീചനു പകരം രാവണന്‍ എന്നു പരാമര്‍ശിച്ചതാണ് വിനയായത്. സനാതന ധര്‍മത്തെ കേജ്‌രിവാള്‍ അപമാനിച്ചെന്നും തിരഞ്ഞെടുപ്പ് ഹിന്ദുവാണ് കേജ്‌രിവാളെന്നും ബി.ജെ.പി. ആരോപിച്ചു.
ഡല്‍ഹി വിശ്വാസ് നഗറില്‍ ചേരിയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യവെയായിരുന്നു അരവിന്ദ് കേജ്‌രിവാളിന്‍റെ നാക്കുപിഴ. മാരീചന്‍ മാനായിവന്ന് സീതയെ തട്ടിക്കൊണ്ടുപോയതുപോലെ വ്യാജവാഗ്ദാനങ്ങളുമായി ബി.ജെ.പി. ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നുപറഞ്ഞുവയ്ക്കാനാണ് കേജ്‌രിവാള്‍ ശ്രമിച്ചത്. പക്ഷേ പറഞ്ഞുവന്നപ്പോള്‍ മാരീചന്‍ രാവണനായി മാറി. പിന്നാലെ ബി.ജെ.പി അതേറ്റുപിടിച്ചു. കേജ്‌രിവാള്‍ സനാതന ധര്‍മത്തെ അപമാനിച്ചെന്നും തിരഞ്ഞെടുപ്പ് കാലത്തുമാത്രം ഹിന്ദുവാകുന്ന കേജ്‌രിവാളിന് രാമായണം അറിയില്ലെന്നും വിമര്‍ശനം.
രാവണനെ അപമാനിച്ചെന്ന് പറഞ്ഞാണ് ബി.ജെ.പി. പ്രതിഷേധിക്കുന്നതെന്നും അവര്‍ക്ക് രാവണനെ അത്രയേറെ ഇഷ്ടമാണെന്നും കേജ്‌രിവാളിന്‍റെ തിരിച്ചടി. രാവണനെപ്പോലെ ദുഷ്ടമനസാണ് ബി.ജെ.പിക്കെന്നും കേജ്‌രിവാള്‍. ഹിന്ദുവോട്ടുകള്‍ സ്വന്തമാക്കാന്‍ ബി.ജെ.പിയും എ.എ.പിയും പോരടിക്കുമ്പോള്‍ ജനകീയ പ്രശ്നങ്ങളേക്കാള്‍ ഇത്തരം വിവാദങ്ങളാണ് പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.