ആര്‍ എസ് എസ് ഇടപെടലില്‍ പാലക്കാട്ടെ ബി ജെപിയില്‍ സമവായം. യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി നിയമിച്ചാല്‍ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയ നഗരസഭ ചെയര്‍പേഴ്സണടക്കമുള്ള കൗണ്‍സിലര്‍മാര്‍ ഒടുവില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ രാജിഭീഷണി മുഴക്കിയവരാരും പ്രശാന്ത് ശിവന്റ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തില്ല.
പാനലില്‍ ഇല്ലാതിരുന്ന പ്രശാന്ത് ശിവനെ ഈസ്റ്റ് ജില്ലാ പ്രസിഡന്റാക്കിയാല്‍ രാജിവയ്ക്കുമെന്നായിരുന്നു ഇന്നലെ ദേശീയ നിര്‍വാഹകസമിതിയംഗം എന്‍ ശിവരാജന്‍ അടക്കം ഏഴ് കൗണ്സിലര്‍മാരുടെ ഭീഷണി. എന്നാല്‍ കൗണ്‍സില്‍ സ്ഥാനം രാജിവയ്ക്കുന്നവര്‍ പിന്നെ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് കെ സുരേന്ദ്രനും തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് പ്രശ്നം പരിഹരിക്കാന്‍ ആര്‍ എസ് എസ് ഇടപെടലുണ്ടായത്. പാര്‍ട്ടിനേതൃത്വവും വിമത ഭീഷണി ഉയര്‍ത്തിയവരും സമവായത്തിന് തയാറായതോടെ പ്രതിസന്ധി ഒഴിഞ്ഞു.നഗരസഭ വൈസ് ചെയര്‍മാര്‍ ഇ കൃഷ്ണദാസ് പ്രശാന്തിന്റ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ പ്രമീള ശശിധരന്‍ തന്നെ വ്യക്തമാക്കി. മാത്രമല്ല ശിവരാജനെ പ്രശാന്ത് രാവിലെ വീട്ടില്‍പോയി കാണുകയും ചെയ്തു.
പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് ചെയര്‍പേഴ്സണും പ്രശാന്തിനെ അംഗീകരിക്കുമെന്ന് ശിവരാജനും വ്യക്തമാക്കിയതോടെ അശയക്കുഴപ്പം ഒഴിഞ്ഞു.തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഒാഫീസില്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ പ്രശാന്തിന്റ സ്ഥാനാരോഹരണം. സമയവായത്തിലെത്തിയെന്ന് പറയുമ്പോഴും കൃഷ്ണദാസ് അടക്കം രാജി ഭീഷണി മുഴക്കിയ ഒരാളും പ്രശാന്തിന്റ സ്ഥാനം ഏറ്റെടുക്കല്‍ ചടങ്ങില്‍ എത്തിയില്ല. സംഘടന സംവിധാനത്തില്‍ മാറ്റം വേണമെന്ന് നേരത്തെ മുതല്‍ ആവശ്യപ്പെടുന്ന വിമതവിഭാഗം ആര്‍ എസ് എസ് നേതൃത്വവുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം നിലപാട് വ്യക്തമാക്കിയേക്കും.