ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി ബിജെപി. തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽനിന്ന് തൂത്തെറിയുമെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്. ‘കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണ് മമത’, 2026-ല്‍ പശ്ചിമ ബംഗാള്‍ ബിജെപി പിടിച്ചടക്കുമെന്നാണ് സുവേന്ദുവിന്‍റെ പ്രഖ്യാപനം.
സുവേന്ദു അധികാരിയ്ക്ക് പിന്നാലെ ബിജെപി നേതാവ് സുകാന്ത മജുംദാറും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തി. നിങ്ങള്‍ വോട്ട് ചെയ്തത് ബിജെപിക്കാണോ മമതാ ബാനര്‍ജി പിന്തുണയ്ക്കുന്ന എഎപിക്കാണോ എന്ന് എനിക്കറിയില്ല. ഡൽഹിയിലെ വോട്ടര്‍മാരെപ്പോലെ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശികള്‍ക്ക് ഇരുനേതാക്കളും നന്ദി അറിയിച്ചു.
27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നത്. 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണത്തിലും വിജയിച്ചാണ് ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി വെറും 22 സീറ്റിലേക്ക് ചുരുങ്ങി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ആംആദ്മി പാര്‍ട്ടിക്കായിരുന്നു. പക്ഷേ പ്രയോജനം ചെയ്തില്ല.
ഡല്‍ഹി പോലെ, അല്ലെങ്കില്‍ ഡല്‍ഹിയേക്കാള്‍ ബിജെപി ഉന്നം വയ്ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി നേതാക്കന്‍മാരുടെ മുന്നറിയിപ്പ്. മമതാ ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അധികാരത്തില്‍ നിന്ന് താഴയിറക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. 2020ല്‍ തൃണമൂൽ വിട്ട സുവേന്ദു അധികാരിയാണ് ബംഗാളില്‍ ബിജെപിയുടെ പട നയിക്കുന്നത്.