ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റത് സമാനതകളല്ലാത്ത തിരിച്ചടിയാണ്. പാർട്ടി കൺവീനറും മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജ്‌രിവാളിന്റെ തോൽവി ആ പതനത്തിന് ആക്കം കൂട്ടുകയും ചെയ്തു. കേജ്‌രിവാളിന്റെ തോല്‍പ്പിച്ചതാകട്ടെ ഡൽഹി മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന സാഹിബ് സിങ് വർമയുടെ 47 കാരനായ മകൻ പർവേശ് വർമയും. കേജ്‌രിവാളിനെ തറപറ്റിക്കാന്‍ ബിജെപി ആവനാഴിയിലുണ്ടായിരുന്ന ബ്രഹ്മാസ്ത്രം തന്നയായിരുന്നു പർവേശ് സാഹിബ് സിങ് വർമ. ബിജെപിയുടെ ആ കണക്കുകൂട്ടല്‍ അണുവിടപാളിയതുമില്ല. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹി ബിജെപി തിരിച്ചുപിടിച്ചപ്പോൾ അതിലേറെ തിളക്കമുളള വിജയമായി മാറി പർവേശ് വർമയുടേത്. ആരാണ് ബിജെപിയുടെ വിജയകിരീടത്തിൽ മുത്തമിട്ട പർവേശ് സാഹിബ് സിങ് വർമ?
വലതുരാഷ്ട്രീയം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മനുഷ്യനെന്നു തന്നെ വിശേഷിപ്പിക്കാം പർവേശ് വർമയെ. ഡൽഹിയിലെ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചുവളർന്ന പർവേശ് വർമയ്ക്ക് തിരഞ്ഞെടുപ്പും പ്രചാരണവുമെല്ലാം ഒരിക്കലും പുതുമയുളള കാഴ്ച്ചയായിരുന്നില്ല. 1977ൽ ഹിന്ദു ജാട്ട് സമുദായത്തിൽ ജനിച്ച പർവേശ് വർമ ഡൽഹി പബ്ലിക് സ്‌കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും കിരോരി മാൽ കോളജില്‍ നിന്നും തുടർപഠനവും ഫോർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎയും നേടിയ ശേഷമാണ് പിതാവിന്റെയും അമ്മാവന്‍റെയും വഴിയേ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്.
ഡൽഹി മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന പിതാവ് സാഹിബ് സിങ് വർമയ്ക്ക് പുറമെ അമ്മാവൻ ആസാദ് സിങും പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും രാഷ്ട്രീയപാത പിന്തുടർന്ന പർസേശ് വർമ 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പിയിൽ സജീവമാകുന്നത്. അതേവർഷം തന്നെ മെഹ്രൗളി മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിലേക്ക് മൽസരിച്ച പർവേശ് വർമ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തൊട്ടടുത്ത വർഷം 2014ൽ ഡൽഹി വെസ്റ്റിൽ നിന്നും അദ്ദേഹം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മഹാബൽ മിശ്രയെ പരാജയപ്പെടുത്തി 5.78 ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ പർവേശ് വർമ വീണ്ടും വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും എംപിയായി. 2019 ഡൽഹി ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിക്കൊണ്ടാണ് പർവേശ് വർമ വിജയക്കുതിപ്പ് തുടർന്നത്.
പാർലമെന്‍റ് അംഗങ്ങളുടെ ശമ്പളവും അലവൻസും സംബന്ധിച്ച സംയുക്ത സമിതിയിലും നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും പർവേശ് വർമ അംഗമായി. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ (എയിംസ്) ഭരണസമിതിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ആം ആദ്മി പാർട്ടിയുടെ തുടർഭരണം അവസാനിപ്പിക്കാനും പാർട്ടിയുടെ സാരഥിയും കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിക്കാനും ഏറ്റവും കരുത്തനെ തന്നെ കളത്തിലിറക്കണമെന്നത് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനമായിരുന്നു. അതിനായി പര്‍വേശ് വര്‍മയുടേതാല്ലാതൊരു പേര് ഡല്‍ഹി ഘടകത്തിന് ഇല്ലായിരുന്നു. പിന്നെ നടന്നത് ചരിത്രം. ഡൽഹി അടക്കി ഭരിച്ചിരുന്ന ആം ആദ്മി പാർട്ടിയെ നിശ്പ്രഭമാക്കിക്കൊണ്ട് ബിജെപി വിജയക്കൊടി പാറിച്ചു. അരവിന്ദ് കേജ്‍രിവാളിനെ മലർത്തിയടിച്ച ജയിന്റ് കില്ലറായി മാറി പർവേശ് വർമ.
പ്രചാരണപരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും മുൻപേ തന്നെ ന്യൂഡൽഹി മണ്ഡലത്തിൽ സജീവമായിരുന്നു പർവേശ് വർമ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എപ്രകാരം ജനങ്ങളിലേക്കെത്തിക്കണമെന്ന് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ആം ആദ്മിയെ തൂത്തെറിയുക എന്ന ലക്ഷ്യം മുൻനിർത്തിയതിനൊപ്പം തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. മണ്ഡലത്തിലെ ചേരികൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രചാരണവേളയിലൂടനീളം എഎപിയുടെ പാഴ്വാഗ്ദാനങ്ങളെ പൊളിച്ചെഴുതിയ പർവേശ് വർമ ആർക്കെങ്കിലും ശുദ്ധമായ വെള്ളവും സൗജന്യ വൈദ്യുതിയും ലഭിക്കുന്നുണ്ടെങ്കിൽ അവരെല്ലാം കേജ്‌രിവാളിന് വോട്ട് ചെയ്‌തോളൂ എന്ന് തുറന്നടിക്കുകയും ചെയ്തു.
മലിനീകരണമില്ലാത്ത ഡൽഹി, ചേരിനിവാസികൾക്ക് വീടുകൾ, ഫ്ലൈഓവറുകൾ, 50000ത്തോളം സർക്കാർ ജോലികൾ, അങ്ങിനെ ഒട്ടേറെ വാഗ്ദാനങ്ങള്‍ . യമുനയെ സബർമതി തീരത്തിന് സമാനമാക്കി മാറ്റുമെന്നും പര്‍വേശ് വര്‍മ പ്രചാരണഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി ഡൽഹി പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവുമധികം ഉയർന്നുകേൾക്കുന്ന പേരും പർവേശ് വർമയുടേത് തന്നെ. മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു പർവേശിന്‍റെ പ്രതികരണം. പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റി പർവേശ് ഡൽഹി ജനതയുടെ പ്രതീക്ഷയായി മാറുമോ എന്ന് കാത്തിരുന്ന് കാണാം.