AICC പുനസംഘടന ചർച്ചകൾ അവസാനഘട്ടത്തിൽ. കെ.സി.വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറി പദത്തിൽ തുടരും. ചുരുങ്ങിയത് 7 സംസ്ഥാനങ്ങളുടെയെങ്കിലും ചുമതലയിൽ ഉള്ള നേതാക്കന്മാർ മാറും.
ഏപ്രിലിൽ കോൺഗ്രസ് സെഷൻ ചേരാൻ ഇരിക്കുന്നതിനാൽ അതിനു മുൻപായി പുനസംഘടന പൂർത്തിയാക്കേണ്ടതുണ്ട്. പാർലമെൻറ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പൂർത്തിയായതോടെ ചർച്ചകൾ വേഗത്തിലായി. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖർഗെ വന്നപ്പോഴും മാറ്റാതിരുന്ന കെ സി വേണുഗോപാൽ തന്നെ സംഘടനാ ജനറൽ സെക്രട്ടറിയായി തുടരും. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്ഥൻ എന്നതാണ് കരുത്ത്. ചിന്തൻ ശിബിരിലെ തീരുമാനപ്രകാരം തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടത്തിന് സമിതി രൂപീകരിക്കുകയാണെങ്കിൽ തലപ്പത്തേക്ക് പ്രിയങ്ക ഗാന്ധി വന്നേക്കും. ബീഹാർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന അസം ഇൻചാർജുകളിൽ മാറ്റം വരും. ഒരു നേതാവിന് ഒരു സംസ്ഥാനത്തിന്റെ ചുമതല എന്ന രീതിയിലാകും മാറ്റം.
ഭൂപേഷ് ബാഗേൽ , ചരൺജിത് ഛന്നി, അശോക് ഗെലോട്ട് , ബി വി ശ്രീനിവാസ്, മീനാക്ഷി നടരാജൻ, കൃഷ്ണ അല്ലവരു, ബി കെ ഹരിപ്രസാദ്, ഹരീഷ് ചൗധരി എന്നിവർക്ക് ഉയർന്ന പദവികൾ ലഭിക്കും. പുനസംഘടനയുടെ ഭാഗമായി മഹാരാഷ്ട്രയിൽ ഹർഷവർധൻ സപ്കലിനെയും ഒഡീഷയിൽ ഭക്ത ചരൺ ദാസിനെയും അധ്യക്ഷന്മാരായി നിയമിച്ചിരുന്നു.