dhananjay-munde-resigns
  • മഹാരാഷ്ട്രയിലെ ഭക്ഷ്യ–സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു
  • എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ്
  • ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് ധനഞ്ജയ്

മഹാരാഷ്ട്രയിലെ ഭക്ഷ്യമന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ധനഞ്ജയ് മുണ്ടെ രാജി വച്ചു. ബീഡിലെ സര്‍പഞ്ചായിരുന്ന സന്തോഷ് ദേശ്മുഖിന്‍റെ കൊലപാതകത്തില്‍ മുണ്ടെയുടെ അടുത്ത അനുയായിയായ വാല്‍മിക് കരാഡ് അറസ്റ്റിലായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് മുണ്ടെയുടെ രാജി. മന്ത്രിയുടെ രാജി താന്‍ സ്വീകരിച്ചുവെന്നും തുടര്‍ നടപടികള്‍ക്കായി ഗവര്‍ണര്‍ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് ധനഞ്ജയ് മുണ്ടെയുടെ വിശദീകരണം.

സന്തോഷ് ദേശ്മുഖിന്‍റെ കൊലപാതകത്തില്‍ കര്‍ശനമായ നടപടി വേണമെന്നാണ് തന്‍റെ ആവശ്യമെന്നും കൊലപാതകത്തിന്‍റേതായി പുറത്തുവന്ന ചിത്രങ്ങള്‍ അത്രയ്ക്കും ക്രൂരവും വേദനിപ്പിക്കുന്നതുമായിരുന്നുവെന്നും പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നാണ് താനും വാദിക്കുന്നതെന്ന് രാജിക്ക് ശേഷം ധനഞ്ജയ് മുണ്ടെ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മുണ്ടെയുടെ ട്വീറ്റില്‍ പറയുന്നു. ഇതിന് പുറമെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തരമായി ചികില്‍സയ്ക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പ്രകാരം താന്‍ രാജി വയ്ക്കുകയാണെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും മുണ്ടെ ട്വീറ്റില്‍ വ്യക്തമാക്കി.

എന്നാല്‍ സിഐഡി കുറ്റപത്രം സമര്‍പ്പിച്ചത് കൂടി കണക്കിലെടുത്താണ് മുണ്ടെയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടെയുടെ അടുത്ത അനുയായി ആയതിനാല്‍ സര്‍ക്കാരിനെതിരെ ഇത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്ന് ഫഡ്നാവിസ് പക്ഷം ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിനെ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച വൈകി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുണ്ടെയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാ‍ഡ് മുണ്ടെയ്​ക്കൊപ്പവും അജിത് പവാറിനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന മുണ്ടെ ബീഡ് ജില്ലയിലെ പര്‍ളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് 47കാരനായ ധനഞ്ജയ്. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനാണ് സന്തോഷ് ദേശ്മുഖിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. ബീഡിലെ പ്രമുഖ ഊര്‍ജ കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് കോടിരൂപ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതിനാണ് തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മന്ത്രിയുടെ രാജി കൊണ്ടുമാത്രം കാര്യമില്ലെന്നും നിലവിലെ പ്രശ്നത്തിന് പരിഹാരമാമ് വേണ്ടതെന്നും ശിവസേന (യുബിറ്റി) നേതാവ് ആദിത്യ താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും സര്‍ക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും നിയമപാലകര്‍ നോക്കുകുത്തികളാണെന്നും ആദിത്യ ആരോപിച്ചു.

ENGLISH SUMMARY:

Maharashtra Food Minister and NCP Ajit Pawar faction leader Dhananjay Munde has resigned following the arrest of his close aide in the Santosh Deshmukh murder case. While Munde cited health reasons, reports suggest political pressure led to his exit.

Google Trending Topic - Dhananjay Munde