image: instagram.com/insta_satara/

image: instagram.com/insta_satara/

മുംബൈയിലെയും ബെംഗളൂരുവിലെയും ഗതാഗതക്കുരുക്കില്‍പ്പെട്ടു പോകുന്നവര്‍ പറന്ന് പോകാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ടാകും. പലരും പലവുരു ആലോചിച്ച അക്കാര്യം നടപ്പിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കോളജ് വിദ്യാര്‍ഥി. സമര്‍ഥ് മാങ്കഡെയെന്ന യുവാവാണ് കൃത്യസമയത്ത്  പരീക്ഷയ്​ക്കെത്താന്‍ ഗതാഗതക്കുരുക്ക് തടസമാകരുതെന്ന് കരുതി പാരാഗ്ലൈഡറില്‍ പറന്നെത്തിയത്. കോളജ് ബാഗും തൂക്കി പാരഗ്ലൈഡറില്‍ പറക്കുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം.

പസറാനി സ്വദേശിയായ സമര്‍ഥ് ചില ജോലി ആവശ്യങ്ങള്‍ക്കായാണ് പഞ്ച്ഗാനിയെന്ന സ്ഥലത്തെത്തിയത്. മടങ്ങി കോളജിലെത്തി പരീക്ഷയും എഴുതണം. കോളജിലേക്ക് 50 കിലോമീറ്ററോളം ദൂരമുണ്ട്. ശേഷിക്കുന്നത് വെറും 15 മിനിറ്റും. ബസിനോ, ബൈക്കിനോ പോയാല്‍ കോളജിലെത്താന്‍ പറ്റില്ലെന്നും പരീക്ഷ മുടങ്ങുമെന്നും ഉറപ്പായതോടെ പഞ്ചാഗ്നിയിലുള്ള അഡ്വഞ്ചര്‍ സ്പോര്‍ട് ക്ലബിനെ സമര്‍ഥ് ബന്ധപ്പെടുകയായിരുന്നു. പാരാഗ്ലൈഡറില്‍ യുവാവിനെ കോളജിലെത്തിക്കാമെന്ന് അധികൃതര്‍ ഏറ്റു. ഇതോടെയാണ് സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച് പറക്കാന്‍ സമര്‍ഥ് തീരുമാനിച്ചത്. പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് കോളജിലെത്തുകയും ചെയ്തു. 

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പാരാഗ്ലൈഡറില്‍ കോളജിലേക്ക് പോകുന്നത് അത്ര സുരക്ഷിതമല്ലെന്നും സുരക്ഷിതമായ യാത്ര വേണം തിരഞ്ഞെടുക്കാനെന്നും ചിലര്‍ കുറിച്ചു. ഗിന്നസ് ബുക്കില്‍ പേര് വരേണ്ടതാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.  പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ് സത്താറയെന്ന പ്രദേശം. പാരാഗ്ലൈഡിങ് സാധ്യതമാകുന്ന സുരക്ഷിതമായ പ്രദേശമാണിതെന്നും വിദഗ്ധര്‍ പറയുന്നു. സത്താറയ്ക്ക് പുറമെ പഞ്ച്ഗാനി, കാമ്ഷെട്, മഹാബലേശ്വര്‍ എന്നീ സ്ഥലങ്ങളും പാരാഗ്ലൈഡിങിന് അനുയോജ്യമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

A Maharashtra college student avoided traffic congestion by paragliding to his exam. The viral video shows him flying to college with his backpack.