സംഘടനാ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ച് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് നീങ്ങുന്നതോടെ സിപിഎം ജനറല്‍ സെക്രട്ടറി ആരെന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. പ്രായപരിധി കര്‍ശനമായി നടപ്പാക്കുമ്പോള്‍ അനുഭവസമ്പത്തുള്ള ഒരു നിര പിബിയില്‍നിന്ന് ഒഴിയുകയാണ്. എം.എ.ബേബിയും അശോക് ദവ്ളയും ഉള്‍പ്പടെ അഞ്ചുനേതാക്കള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നവരാണ് . കേരളത്തില്‍നിന്ന് കെ.കെ.ശൈലജ പിബിയിലെത്താനും സാധ്യതയുണ്ട്.
ഏപ്രില്‍ 2ന് തമിഴ്നാട്ടിലെ മധുരയില്‍ ആരംഭിക്കുന്ന 24 ആം പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഎം സജ്ജമായി കഴിഞ്ഞു. പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ ഒരു തലമുറ മാറ്റം പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ടാവും. മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവുള്ളത്. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി തുടങ്ങി ഒരു വലിയ നിര നേതൃത്വത്തില്‍ നിന്നും ഒഴിയും. ആറു പുതുമുഖങ്ങള്‍ പൊളിറ്റ് ബ്യൂറോയില്‍ എത്താം. ബൃന്ദകാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതിനാല്‍ കെ കെ ശൈലജ പിബിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ് . 17 അംഗ പിബിയില്‍ 4 പേര്‍ കേരളത്തില്‍ നിന്നുള്ളതിനാല്‍ ഇനി ഒരാളേക്കൂടി ഉള്‍പ്പെടുത്തണമോ എന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 87 അംഗ കേന്ദ്രകമ്മിറ്റിയിലും 20 ലേറെ പുതുമുഖങ്ങള്‍ എത്തിയേക്കാം. കേരളത്തില്‍ നിന്ന് പി കെ ശ്രീമതി, എ കെ ബാലന്‍ എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിയും. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ , പി ജയാരാജന്‍, സജി ചെറിയാന്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം , കെ കെ രാഗേഷ് എന്നിവര്‍ കേന്ദ്രകമ്മിറ്റിയിലെത്താനുള്ള സാധ്യതാ പട്ടികയിലുണ്ട്.
വനിതാ പ്രാതിനിധ്യം കൂട്ടുന്നതിനാല്‍ പി കെ സൈനബ, കെ പി മേരി , ജെ മേഴ്സിക്കുട്ടിയമ്മ , ചിന്ത ജെറോം എന്നിവരും പരിഗണനാപട്ടികയിലുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഇത്തവണത്തെ പ്രധാന ആകര്‍ഷണം പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്നതാണ്. എം എം ബേബി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയാല്‍ ഇ.എം.എസിന് ശേഷം കേരളത്തില്‍ നിന്നെത്തുന്ന ആദ്യ ജനറല്‍ സെക്രട്ടറിയാവും കിസാന്‍ സഭയുടെ ദേശീയ അധ്യക്ഷനായ 72 കാരനായ അശോക് ധവ്ളയും പരിഗണയിലുണ്ട് . സീതാറാം യെച്ചൂരി പക്ഷക്കാരനായ ധവ്ളയെ കേരള ഘടകം അംഗീകരിക്കുമോ എന്നത് നിര്‍ണായകമാണ്. ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, തപന്‍സെന്‍, നിലോല്‍പല്‍ ബസു എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന പേരുകളാണ്. പാര്‍ട്ടിയുടെ പുതിയ മുഖങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാവും മധുര പാര്‍ട്ടി കോണ്‍ഗ്രസ് . ഒഴിയുന്ന മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാക്കാളായേക്കും.