പത്താമുദയത്തിൽ ആരംഭിക്കുന്നതെല്ലാം വിജയിക്കുമെന്നാണ് കാരണവന്മാരുടെ വിശ്വാസം. സൂര്യൻ പരിപൂർണ തേജസ്സോടെ ജ്വലിക്കുന്ന ദിവസമാണ് ഇത്. അതുകൊണ്ട് സൂര്യനെ ധ്യാനിച്ച് ഈ ദിവസം തുടക്കമിടുന്ന എല്ലാ കർമങ്ങളും വിജയം വരിക്കും. പണ്ട് കൃഷി ആരംഭിച്ചിരുന്നത് പത്താമുദയത്തിനാണ്. കാരണം അന്ന് മുഹൂർത്തം നോക്കാതെ വിത്തിടാം. നടുന്നതെല്ലാം പത്തായി കിളിർത്ത് വളർന്നുപന്തലിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് കൃഷിക്കാർ മേടം ഒന്ന് വിഷുവിന് ഭക്തിയോടെ പാടത്ത് ഒരുക്കങ്ങൾ തുടങ്ങും. പത്താംനാൾ വിത്തിടും. തൈകൾ നടും. അതു മാത്രമല്ല , ഗൃഹപ്രവേശനത്തിനും പത്താമുദയം അതിവിശിഷ്ടം .
പത്താമുദയത്തിന് പുരവാസ്തുബലിയോ പാലുകാച്ചിയോ പുതിയ വീട്ടിൽ താമസം തുടങ്ങിയാൽ ഐശ്വര്യം വന്നു നിറയും! കാരണം സൂര്യനും സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും അനുഗ്രഹം ചൊരിയുന്ന ദിവസമാണത്. ഗ്രഹപ്പിഴയെക്കുറിച്ച് പിന്നെ ചിന്തിക്കുകയേ വേണ്ട.
ഒരു ഐതിഹ്യം കൂടി പറയാം. ലങ്കയിലെ കൊട്ടാരത്തിൽ അനുവാദമില്ലാതെ സൂര്യരശ്മികൾ കടന്നുവെന്ന കാരണത്താൽ രാവണൻ സൂര്യനെ നേരേ ഉദിക്കാൻ അനുവദിക്കാത്ത കാലം. മര്യാദ പുരുഷോത്തമനായ സാക്ഷാൽ ശ്രീരാമൻ ലങ്കേശനായ രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യഭഗവാൻ പരിപൂർണ തേജസ്സോടെ ഉദിച്ചുയർന്നത് പത്താംനാളാണ്. പത്താമുദയത്തിന് !
അങ്ങനെ എന്തുകൊണ്ടും ഐശ്വര്യസമ്പൽ സമൃദ്ധി കൊണ്ടുവരുന്ന ദിവസമാണ് പത്താമുദയം. ഈ വർഷത്തെ മേടപ്പത്ത് ഏപ്രിൽ 23നാണ്. അന്നുതന്നെയാണ് പുതിയ എ.കെ.ജി സെന്‍ററിലേയ്ക്കുള്ള ഗൃഹപ്രവേശം, അല്ല ഉദ്ഘാടനം.( അത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കാം ) ആഭവനം അഭയം നൽകുന്നവർക്കെല്ലാം ഐശ്വര്യസമ്പുഷ്ടമാകട്ടെ ശിഷ്ടകാലം.