ശബരിമല പ്രക്ഷോഭകാലത്ത് വനിതാമതിൽ പണിഞ്ഞ് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടാൻ മുന്നിട്ടിറങ്ങിയ പാർട്ടിയാണ് സിപിഎം. എന്നാൽ ഈ പോരാട്ടമെല്ലാം പാർട്ടിക്കുപുറത്ത് മാത്രമാണെന്നാണ് മധുരയിലെ സിപിഎമ്മിന്‍റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് അവതരിപ്പിച്ച സംഘടന റിപ്പോർട്ട് വ്യക്തമാക്കുന്നത്. സോഷ്യലിസം യാഥാർത്ഥ്യമാക്കാൻ കഷ്ടപ്പെടുന്ന പാർട്ടിയിൽ ആകെ പുരുഷാധിപത്യമാണെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ സംഘടന റിപ്പോർട്ട്.
പാർട്ടിയുടെ പരിപാടികളിൽ സ്ത്രീകൾ ധാരാളമായി പങ്കെടുക്കുന്നുണ്ടെങ്കിലും അവരൊന്നും നേതൃനിരയിലേക്ക് വരുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഇതിനു കാരണം പുരുഷന്മാർ സ്ത്രീകൾക്ക് അവസരം ഒരുക്കാത്തതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18.2 ശതമാനത്തിൽ നിന്നും വനിതാ അംഗങ്ങളുടെ എണ്ണം 24 ശതമാനം ആയി. 25 ശതമാനം വനിത മെമ്പർഷിപ്പ് വേണമെന്ന് കൊൽക്കത്ത പ്ലീനത്തില്‍ നിശ്ചയിച്ചിരുന്നു . എന്നാൽ അത് ഇതുവരെയും യാഥാർഥ്യമായിട്ടില്ല.
സമരങ്ങളിലും പോരാട്ടങ്ങളിലും വനിതകൾ പാർട്ടിയുടെ മുൻപന്തിയിൽ ഉണ്ട്. എന്നാൽ നേതൃത്വത്തിലേക്ക് എത്തുന്നവര്‍ വളരെ കുറവാണ്. ഇത് പരിഹരിക്കപ്പെടാൻ അടിയന്തര ഇടപെടൽ വേണമെന്ന് പാർട്ടി കോൺഗ്രസിന് സംഘടനാ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കേരള സംസ്ഥാന കമ്മിറ്റിയിൽ 12 വനിതകൾ മാത്രമാണുള്ളത്. മറ്റുപല സംസ്ഥാന കമ്മിറ്റികളിലും ഇതിൽ കൂടുതൽ വനിതകൾ ഉണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ റിപ്പോർട്ട് വിമർശിക്കുന്നുമുണ്ട്. ഒന്നാം പിണറായി സർക്കാരിൽ മികച്ച രീതിയിൽ പ്രവർത്തിച്ച മന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ നിന്നും ഒഴിവാക്കിയത് ചർച്ചയായിരുന്നു. ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനിയും സിപിഎമ്മിന് കൃത്യമായ ഉത്തരമില്ല. പാർട്ടി കേന്ദ്ര കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നത് നേരത്തെ തന്നെയുള്ള വിമർശനമാണ്. ഇതിന് പിന്നാലെയാണ് പുരുഷാധിപത്യവും സിപിഎമ്മിലെ സ്ത്രീകൾക്കുള്ള അവഗണനയും എന്ന വിഷയം പാർട്ടി കോൺഗ്രസിൽ ഉയർന്നു വരുന്നത്