Sansad TV via PTI Photo
അസാധാരണമാം വിധം അര്‍ധരാത്രി കഴിഞ്ഞും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിംകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് ഭേദഗതി ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ വോട്ടുചോര്‍ച്ച ഉണ്ടായില്ല. കേരളത്തില്‍നിന്നുള്ള എംപിമാരടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. ബില്ലിനെതിരായ വിമര്‍ശനങ്ങളെ മറുപടി പ്രസംഗത്തില്‍ തള്ളിയ മന്ത്രി കിരണ്‍ റിജിജു ബില്‍ ഭരണഘടനാ വിരുദ്ധമോ ന്യൂനപക്ഷ വിരുദ്ധമോ അല്ലെന്ന് പറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ബില്ലിന് സാധിക്കും. മുനമ്പത്തെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാനും ബില്‍ സഹായിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. ബില്‍ മുസ്ലിംകളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച അസദുദീന്‍ ഒവൈസി ബില്‍ പ്രതീകാത്മകമായി കീറി.
ആദിവാസി ഭൂമിയും ചരിത്ര സ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ജെപിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും ഒപ്പമുള്ള കരട് ബില്ലില്‍ ഇവ ചേര്‍ത്തിരുന്നില്ല. ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാല്‍ ബില്‍ നിയമമാകും.