വഖഫ് നിയമഭേദഗതി ബില്‍ പാസായതിന് പിന്നാലെ കത്തോലിക്ക സഭയെ ഉന്നമിട്ട് ആര്‍.എസ്.എസ്. രാജ്യത്ത് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ഭൂമിയുള്ളത് സഭയ്ക്കാണെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പറയുന്നു. ഏഴുകോടി ഹെക്റ്ററാണ്കത്തോലിക്ക സഭയുടേതായിട്ടുള്ളത്. 20,000 കോടിയാണ് ആകെ മൂല്യം. ബ്രിട്ടീഷ് കാലത്ത് ലഭിച്ചതാണ് ഇതില്‍ ഏറെയും എന്നും ലേഖനം പറയുന്നു. വിമര്‍ശനം ശക്തമായതോടെ ലേഖനം ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി.
അതേസമയം, കത്തോലിക്കാസഭയുടെ ഭൂമി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തതെന്ന് സി.ബി.സി.ഐ പറഞ്ഞു. ആര്‍.എസ്.എസ് മുഖപത്രം ലേഖനം പിന്‍വലിച്ചതിനാല്‍ അതേപ്പറ്റി പ്രതികരിക്കാനില്ലെന്ന് സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ആര്‍.എസ്.എസ് അടുത്തതായി ലക്ഷ്യമിടുന്നത് കത്തോലിക്ക വിഭാഗത്തെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ആര്‍.എസ്.എസ് മുഖപത്രത്തിലെ ലേഖനം അതിന്റെ ഭാഗമാണെന്നും വി.ഡി.സതീശന്‍. വഖഫ് ബില്ലിന് പിന്നാലെ ആര്‍.എസ്.എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.