g-shankar-home

പ്രശസ്ത ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ പണിതെടുത്ത പ്രകൃതിസൗഹാർദ്ദ വീടാണ് സിദ്ധാര്‍ത്ഥ. മണ്ണുകൊണ്ട് വീടുപണിത്തപ്പോൾ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു ഒരു മഴ വരട്ടെ കാണാമെന്ന്. കഴിഞ്ഞ മഹാപ്രളയത്തിൽ മഴയിൽ കുതിർന്നിട്ടും ഒരു പോറലുപോലും വീടിനുണ്ടായില്ല. ആ മഹാപ്രളയത്തിന്റെ ഓർമ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുകയാണ് ജി. ശങ്കർ.

കുറിപ്പ് ഇങ്ങനെ: 

ഒരോർമ.. ഇപ്പോൾ സമയം 12 മണി. 

ഞങ്ങൾ വീട്ടിൽ നിന്നും പടിയിറങ്ങികഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം.. പെരുമഴക്കാലത്തു.

രാത്രി മുഴുവൻ മകന് കൂട്ടായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുത്തിയിരുന്നു. ഒരു കോൺഫെറെൻസിനു വരുന്ന ക്ഷണിതാക്കളെ സ്വീകരിക്കുവാൻ കാത്തു കാത്തിരുന്നു. തിരികെ വീട്ടിൽ എത്തുമ്പോഴും കലശലായ മഴയുണ്ടായിരുന്നു. 

പിന്നീട് അറിയാതെ ഞാൻ ഉറങ്ങിപ്പോയി !

പത്തരയ്ക്ക് മുറ്റത്തു വെള്ളം കെട്ടിത്തുടങ്ങി. നാട്ടുകാർ, എന്റെ യുവസുഹൃത്തുക്കൾ .. അവർ വന്നു പറഞ്ഞു, സൂക്ഷിക്കണം.. ഡാമുകൾ തുറന്നു വിട്ടിരിക്കുന്നു! കരമന നദി നിറഞ്ഞു കവിയുന്നു..

ആദ്യം സാധുമൃഗങ്ങളെ തുറന്നു വിട്ടു. അവർ സ്വയം അവരുടെ ഉയർന്ന താവളങ്ങൾ കണ്ടെത്തി. 

വെള്ളം അപ്പോഴേക്കും മുറിക്കത്തേക്കു ഇരച്ചു കയറിത്തുടങ്ങി.. പുസ്തകങ്ങൾ.. അത്യാവശ്യം സാധനങ്ങൾ പലയിടങ്ങളിലായി ഉയർത്തി വച്ചു.. വെള്ളം വീണ്ടും ഉയർന്നു..

മൂന്നു ചെറിയപെട്ടികൾ തലയിൽ വച്ചു പടിയിറങ്ങി.. ഞങ്ങൾ മൂന്നുപേർ..

തിരിച്ചെത്തിയത് ഒരാഴ്ച ശേഷം.. കുതിർന്ന ജീവിതം നേരെയാക്കാൻ വീണ്ടും മൂന്നാഴ്ച.

പലരും ഒളിച്ചു വന്നു നോക്കിയത്രേ, മൺവീട് അവിടെ തന്നെ ഉണ്ടോ എന്ന് !!!

ഒരോർമ്മ.