auto-hd

TAGS

ചില വാര്‍ത്തകള്‍ വെളിച്ചംകാണാന്‍ നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോര. ഇത് പലതവണ എന്‍റെ അനുഭവം. അത്തരമൊരു അസാധാരണ അനുഭവമാണ് പറയാന്‍ പോകുന്നത്.

എല്ലാ വര്‍ഷത്തെയുംപോലെ ഓണദിവസങ്ങളില്‍ കുറച്ച് " ഫീല്‍ ഗുഡ്" വാര്‍ത്തകള്‍ നല്‍കണം എന്നതായിരുന്നു ചിന്ത. കാലവും വല്ലാത്തതാണല്ലോ. പല ആശയങ്ങള്‍ ചിന്തിച്ചു. അതിനിടെയാണ് പൂരാടത്തലേന്ന്  മലയാളമനോരമയില്‍ ഇരുകൈപ്പത്തകളും നഷ്ടപ്പെട്ട ശ്രീധരന്‍ കാണിയുടെ വാര്‍ത്ത  കണ്ടത്.  രാവിലത്തെത്തിരക്കുകള്‍ കഴിഞ്ഞ് വാര്‍ത്തചെയ്യാന്‍ തയാറായി. ഉച്ചയൂണുകഴിഞ്ഞ് ഞാനും ക്യാമറാമാന്‍ രാജു പാവറട്ടിയും പുറപ്പെട്ടു. വിനോദായിരുന്നു സാരഥി. കാട്ടാക്കട കഴിഞ്ഞ് കോട്ടൂര്‍ ഉള്‍വനത്തില്‍ കൊമ്പിടി എന്ന സെറ്റില്‍മെന്റ് കോളനിയിലാണ് ശ്രീധരന്‍ കാണിയുടെ വീട്.  അവിടെയെത്തി ലൈറ്റ് പോകുന്നതിന് മുമ്പ് എന്തൊക്കെ പകര്‍ത്തണമെന്ന ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. കാട്ടാക്കട എത്താറായി. മുന്നില്‍ ഒരു ഒാട്ടോറിക്ഷ. അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത്. ഒാട്ടോയുടെ വശത്ത് ഒരു ടാപ്. കുറച്ചുനേരം ഞങ്ങള്‍ പിന്തുടര്‍ന്നു. ഇത് എന്താണ് സംഭവമെന്ന് അറിയണമല്ലോ. ഒാട്ടോറിക്ഷയെ മറികടന്ന് ഹോണ്‍മുഴക്കി ഞങ്ങള്‍ നിര്‍ത്തിച്ചു. ഞാന്‍ ഒാടിച്ചെന്ന് വണ്ടിനിര്‍ത്തിച്ചതിന് ക്ഷമചോദിച്ചു. ഒാട്ടോയിലെ ഈ ടാപ്പ് കണ്ടാണ് നിര്‍ത്തിച്ചതെന്ന് അറിയിച്ചതോടെ ഒാട്ടോഡ്രൈവര്‍ ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു. മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ചിരിക്കുന്നുണ്ടായിരുന്നു. കാര്യം ഇതാണ് ഒാട്ടോയില്‍ സവാരിക്കാര്‍ ഇരിക്കുന്ന സീറ്റിന്റെ പുറകില്‍ ഒരുകന്നാസ്. പത്തിരുപതുലിറ്റര്‍ വെള്ളംമെങ്കിലും കൊള്ളും. അതില്‍ നിന്ന് റക്സിന്‍ തുളച്ച് ഒരുപൈപ്പും ടാപ്പും!!!!!!.  പോരാഞ്ഞിട്ട് ഒരുവശത്ത് ലിക്വിഡ് സോപ് തൂക്കിയിട്ടിരിക്കുന്നു. മുന്നിലെ പെട്ടിയില്‍ സാനിറ്റൈസര്‍. അത്യാവശ്യത്തിന് പാരസെറ്റാമോള്‍ ഗുളിക. ഫസ്റ്റ് എഡ് ബോക്സ് ഫസ്റ്റ് ക്ലാസായി സെറ്റ് ചെയ്തിട്ടുണ്ട്. ഒാട്ടോചേട്ടന്‍ വളരെ കര്‍ശനക്കാരനാണ്. മാസ്കില്ലാതെ ഒരാളെയും വണ്ടിയില്‍ കയറ്റില്ല. കയറുന്നതിന് മുമ്പ് കൈ ശുദ്ധീകരണം നിര്‍ബന്ധം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പതിവായി കാണുന്നയാളാണ്.

auto-tap

"നമ്മള്‍ തന്നെ നമ്മളെയും യാത്രക്കാരെയും സൂക്ഷിക്കണ്ടേ....അതിനാണ് ഇതൊക്കെ"-ഒാട്ടോചേട്ടന്‍

"പൊളി.... ഇത് നമുക്ക് തകര്‍ക്കാം"- പാവറട്ടി ഉഷാറായി.

ഇതിനിടെ ഇരുവരും കുറെ ചിത്രങ്ങള്‍ പകര്‍ത്തി. ഞാന്‍ അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ സേവുചെയ്തു.  ലൈറ്റ് പോകുന്നതിന് മുമ്പ് കോട്ടൂരിലെത്തേണ്ടതുകൊണ്ട് തിരികെ വരുമ്പോഴാകാം ഷൂട്ട് എന്ന് നിശ്ചയിച്ചു. ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലയാളമനോരമയുടെ സജുദാസിനെയും കൂട്ടിവേണം കോമ്പിടിയില്‍ പോകാന്‍. അങ്ങനെ കാട്ടാക്കട കവലയില്‍ ഒരല്‍പം കാത്തുനിന്നു. അതാവരുന്നു നമ്മുടെ ഒാട്ടോചേട്ടന്‍.....വീണ്ടും നിര്‍ത്തി. ്വലിയസന്തോഷത്തിനാണ് അദ്ദേഹം. വൈകാതെ കാണാമെന്ന് പറഞ്ഞ് സലാംപറഞ്ഞ് പിരി‍ഞ്ഞു.

കോട്ടൂരിലെത്തി ശ്രീധരന്‍ കാണിയുടെ ജീവിതം ചിത്രീകരിച്ച് കൊമ്പിയിടില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ അഞ്ചേമുക്കാലായി. കോട്ടൂരില്‍ എത്തുന്നതിന് കമലകം കോളനി പരിസരത്ത് നല്ലആനച്ചൂര്. കാട്ടാക്കട എത്തിയപ്പോഴേയ്ക്കും സന്ധ്യകഴിഞ്ഞു. ഒാട്ടോചേട്ടനെ തല്‍ക്കാലം ഇന്ന് ഒഴിവാക്കാം. നാളെയാകാമെന്ന് തീരുമാനിച്ചു. പിറ്റേന്ന് ശ്രീധരന്‍കാണിയുടെ വാര്‍ത്തയുടെ എഡിറ്റ്. അത് പൂര്‍ത്തിയാക്കി ഉത്രാടദിവസം ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ തയാറാക്കി ഫയല്‍ ചെയ്തു. മറ്റ് പലതിരക്കുകകളും കാരണം ഒാട്ടോ ഷൂട്ട് അന്നും സാധിച്ചില്ല.

ഇത് എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് സംബന്ധിച്ച് ഞാനും പാവറട്ടിയും നേരത്തെതന്നെ ചര്‍ച്ചചെയ്തിരുന്നു. പൈപ്പ് തുറന്ന് കൈകഴുകുന്ന ക്ലോസ് എടുത്ത് സൂം ബാക്ക് പോകുമ്പോള്‍ ഒാട്ടോറിക്ഷ കാണത്തക്കരീതിയില്‍ തുടങ്ങാമെന്നൊക്കെ ആലോചിച്ചുവച്ചു.  വോയ്സ് ഒാവര്‍ ഇല്ലാതെ എടുത്താലെന്ത് എന്നും ചിന്തിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിക്കുന്ന ഈ ഒാട്ടോറിക്ഷൈ ഡ്രൈവര്‍ വലിയ സാമൂഹ്യപാഠമാണ് പകരുന്നതെന്ന് സൈന്‍ ഒാഫ് വാചകമായി പറയാമെന്ന് ഞാന്‍ നിശ്ചിയിച്ചു.ദൃശ്യത്തിന് മറ്റെത്തെങ്കിലും സാധ്യതയുണ്ടോയെന്ന് ക്യാമാറാമാന്‍ എസ്.കെയോടും (എം.ആര്‍. സിന്ധുകുമാര്‍) ചോദിച്ചു. ഈ വാര്‍ത്ത  ഒാണ്‍ലൈനിലും നന്നായി നല്‍കണം. പറ്റുമെങ്കില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവരണം. ഒാട്ടോ ഡ്രൈവറുടെ ഈ മാതൃകയെക്കുറിച്ച് അദ്ദേഹം പത്രസമ്മേളനത്തില്‍ പറയണം. അത്രനന്നായി ചെയ്യണം. ഇതൊക്കെയായിരുന്നു മനസില്‍.

തിരുവോണപ്പുലരി എങ്ങനെയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ...(വെഞ്ഞാറമൂട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വാര്‍ത്തയോടെയായിരുന്നു ഓണദിവസം തുടങ്ങിയത് ) രണ്ടുമൂന്നുദിവസം നല്ലതിരക്ക്

എന്തായാലും ഒാട്ടോവാര്‍ത്ത ഇനിയും വൈകിക്കരുത്. ചതയദിനത്തില്‍ അത് പൂര്‍ത്തിയാക്കാമെന്ന് പ്രശാന്തും അരുണ്‍സിങ്ങും നിര്‍ദ്ദേശിച്ചു.

auto-face

ഞാന്‍ സേവ്ചെയ്ത നമ്പരില്‍ വിളിച്ചു. എടുത്തില്ല. അരമണിക്കൂറിനകം തിരികെ വിളിയെത്തി. കട്ടായി. വീണ്ടും ഞാന്‍ വിളിച്ചു

"ചേട്ടാ ഞാന്‍ ഗിരീഷാണ് മനോരമ ന്യൂസിലെ .....അന്ന് നമ്മള്‍ വഴിയില്‍ കണ്ടില്ലേ.....ഇന്ന് നമുക്ക് കണ്ടാലോ....എവിടെയാണ്? "

"ആരാണ് ....എന്താണ് മനസിലായില്ല" എന്നായിരുന്നു മറുപടി

എന്തോ ഒരു പന്തികേടുതോന്നി എങ്കിലും വിശദീകരിച്ചു

"ചേട്ടന്റെ ഒാട്ടോയിലെ കൈകഴുന്ന സംവിധാനം എടുക്കാന്‍ വേണ്ടിയാണ്"

കുറച്ചുനേരം മറുപടിയില്ല

"ഹലോ ഹലോ ചേട്ടാ....കേള്‍ക്കാമോ" .......ഞാന്‍ തുടര്‍ന്നു

" ഹലോ ചേട്ടാ....ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്....... അച്ഛന്‍ പോയി...ഉത്രാടദിവസം ആറ്റില്‍ കുളിക്കാന്‍ പോയപ്പോഴാണ്  "

ചിലസമയത്ത് നമ്മള്‍ ടോട്ടല്‍ ബ്ലാങ്കായിപ്പോയെന്ന് പറയാറില്ല......അതേ അവസ്ഥയിലായിപ്പോയി ഞാന്‍. ആരോ തലമണ്ടയ്ക്ക് ഒരുകൊട്ടുവടികൊണ്ട അടിച്ച മാതിരി.............അല്‍പം നോര്‍മലായപ്പോള്‍ പാവറട്ടിയെ വിളിച്ചു. വിനോദിനെയും ....എന്റെ ഷോക്ക് അവര്‍ക്കുകൂടി പകര്‍ന്നു.

auto-driverr

ഈ ചിത്രത്തില്‍ കാണുന്ന ഒാട്ടോ ഡ്രൈവര്‍ ടി. വി ജയറാം. വയസ്സ് 58. ഉത്രാടത്തിന് വൈകുന്നേരം ജോലികഴിഞ്ഞ് കീഴാറൂര്‍ പാലത്തിനടയിലെ കടവില്‍ കുളിക്കുന്നതിനിടെ നെയ്യാറില്‍ വീണുമരിച്ചു. മകനോട് ചോദിച്ചാണ് ഇതൊക്കെ മനസിലാക്കിയത്. എല്ലാദിവസും കീഴാറൂറിലെ വീട്ടില്‍ കയറുന്നതിന് മുമ്പ് വീടിന് മുന്നിലെ കടവില്‍ കുളിച്ചേമതിയാകൂവെന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. മക്കളെല്ലാം അത് പാലിക്കാറുമുണ്ടായിരുന്നു. അച്ഛന്‍ ജീവിതത്തില്‍ പകര്‍ത്തിയ വലിയ ഉദാഹരണം ലോകത്തെ അറിയിക്കണമെന്നുണ്ടായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു.

'ആ ഒാട്ടോറിക്ഷ അവിടെയുണ്ടോ അതിനി എന്തുചെയ്യും?" ....എനിക്ക് ചോദിക്കാതിരിക്കാനായില്ല

"എന്തുചെയ്യണമെന്നറിയില്ല"–മകന്‍ പറഞ്ഞു

ആ നല്ലമനുഷ്യന്‍ ഏതാനുമിനിറ്റുകള്‍ മാത്രമാണ് ഞങ്ങളോടൊപ്പം ചെലവഴിച്ചത്. ആ മിനിറ്റുകള്‍ ഞങ്ങള്‍ക്കാര്‍ക്കും മറക്കാനാവില്ല.

2020 കഴിഞ്ഞു. വല്ലാത്തവര്‍ഷത്തെ ദിവസങ്ങളുടെ അനുഭവങ്ങളിലേക്ക് ഒന്നുതിരികെപ്പോകാന്‍ ഡയറി മറിച്ചുനോക്കി. ഒാഗസ്റ്റിലെ ഡയറിത്താളുകളാണ്  ആ നല്ല മനുഷ്യനെ വീണ്ടും ഒാമപ്പെടുത്തിയത്. എന്തായാലും വൈകാതെ  കീഴാറൂലെ വീട്ടില്‍ പോകണം. സമൂഹത്തില്‍ അങ്ങേയറ്റം ചുമതലാബോധത്തോടെ ജീവിച്ച ആ മനുഷ്യനെക്കറിച്ച് എനിക്ക് ചെയ്യാനാകാതെ പോയ വാര്‍ത്തയെക്കുറിച്ച് വാര്‍ത്തചെയ്യണം.