china-woman

TAGS

ഒരു വീട് വയ്ക്കണം എന്നാഗ്രഹിച്ചാൽ  കൈയിലെ സമ്പാദ്യം എത്രയെന്ന് പോലും ചിന്തിക്കാതെ വൻതുക ലോണെടുത്ത് ബാധ്യതകൾ ഉണ്ടാക്കിവയ്ക്കുന്നവരുണ്ട്. എന്നാൽ ചെലവ് ചുരുക്കിയുള്ള  ജീവിതത്തിൽ നിന്നും മിച്ചംപിടിച്ച തുകയ്ക്ക് സ്വന്തമായി രണ്ടു വീടുകൾ നേടിയ ഒരു ചൈനീസ് സ്വദേശിനിയാണ് ഇപ്പോൾ  ശ്രദ്ധനേടുന്നത്. പരസ്യമേഖലയിൽ ജോലി ചെയ്യുന്ന വാങ് ഷെനായ് എന്ന 32 കാരിയാണ് തന്റെ ശമ്പളത്തിൽ നിന്നും സൂക്ഷിച്ചുവച്ച തുകകൊണ്ട് സ്വന്തമായി വീടുകൾ വാങ്ങിയത്. 

 

ശമ്പളത്തിൽ നിന്നും അൽപം തുകയെടുത്ത് വീടിനായി മാറ്റിവയ്ക്കുകയല്ല ഇവർ ചെയ്തത്. ഒൻപത് വർഷങ്ങളായി ലഭിക്കുന്ന ശമ്പളത്തിൽ 90 ശതമാനവും ചെലവാക്കാതെ സൂക്ഷിക്കുകയായിരുന്നു വാങ്. ജീവിതത്തിലെ ഒട്ടുമിക്ക സന്തോഷങ്ങളും വേണ്ടെന്നുവച്ചുകൊണ്ടായിരുന്നു ഈ നീക്കിവയ്പ്പ്. ഒടുവിൽ ചൈനയിലെ നാൻജിങ്ങിൽ സ്വന്തമായി രണ്ട് ഫ്ലാറ്റുകളാണ് ഈ സമ്പാദ്യത്തിന്റെ ബലത്തിൽ  വാങ് വാങ്ങിയത്. 

 

 

രണ്ടു മക്കളുടെ അമ്മ കൂടിയായ വാങ്ങിന് ഇത്തരത്തിൽ പണം സമ്പാദിക്കുന്നത് അത്ര എളുപ്പമാർഗ്ഗമായിരുന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് പുതിയതായി ഒരു വസ്ത്രം പോലും വാങ്ങാതെയാണ് ഇവർ ജീവിച്ചത്. പകരം സുഹൃത്തുക്കൾ ഉപയോഗശേഷം വേണ്ടെന്ന് വയ്ക്കുന്ന തുണിത്തരങ്ങൾ വാങ്ങി ഉപയോഗിച്ചു. വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളും ഇത്തരത്തിലാണ് വാങ്ങിയത്. അതേപോലെ ഇക്കാലമത്രയും പൊതുഗതാഗത മാർഗങ്ങൾ മാത്രമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ഇവയിലൂടെ എല്ലാം വലിയൊരു തുക വാങിന് ലാഭിക്കാനായി.