ആരാധകരുടെ ഏത് ആവശ്യത്തിനും ഓടി എത്തുന്ന താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ. ഇപ്പോൾ തന്റെ ഒരു ആരാധകന്റെ ഭാര്യയ്ക്ക് പഠിക്കാൻ അദ്ദേഹം സൗകര്യം ഒരുക്കിയ വാർത്തയാണ് പുറത്തുവരുന്നത്. മധുര ജില്ലയിലെ തന്റെ ആരാധക കൂട്ടായ്മയുടെ സെക്രട്ടറിയായ മനോജിന്റെ ഭാര്യ ദീപികയ്ക്കാണ് അയർലാൻഡിൽ പോയി പഠിക്കാനുള്ള സൗകര്യം സൂര്യ ഒരുക്കിയത്.
സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷൻ വഴിയാണ് പഠനത്തിന് വേണ്ട സൗകര്യം ചെയ്തു െകാടുത്തത്. നന്നായി പഠിച്ച് കുടുംബത്തിനും നാടിനും അഭിമാനം ആകണമെന്ന് ദീപികയെ ഫോണിൽ വിളിച്ച് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ഷൂട്ടിന്റെ തിരക്കിലാണ് അല്ലെങ്കിൽ വിമാനത്താവളത്തിൽ യാത്രയാക്കാൻ വരണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സൂര്യ പറയുന്നു.സോഫ്റ്റ്വെയർ എൻജിനിയർ ആയ ദീപിക അയർലാൻഡിൽ ഉന്നതപഠനത്തിന് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സാമ്പത്തികം തടസ്സമായതോടെയാണ് സഹായവുമായി സൂര്യ എത്തിയത്. പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ വേണ്ട സൗകര്യം ഒരുക്കുന്നതിലും സഹായിക്കുന്നതിലും സൂര്യയുടെ അഗരം ഫൗണ്ടേഷൻ തമിഴ്നാട്ടിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.