‘അയ്യപ്പനും കോശിയും’ സിനിമയിലൂടെ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കുമുള്ള പുരസ്കാരം അട്ടപ്പാടി ചുരം കയറി ഇന്ത്യൻ സിനിമയുടെ ഉയരങ്ങളിലെത്തി. എന്നാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സൂര്യയ്ക്കുമുണ്ട് അട്ടപ്പാടി ബന്ധം. സാമൂഹികപ്രവർത്തക ഉമാ പ്രേമൻ ഇരുള വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി അട്ടപ്പാടിയിൽ നടത്തുന്ന എപിജെ അബ്ദുൽ കലാം ഇന്റർനാഷനൽ സ്കൂളിന്റെ പ്രവർത്തനത്തിനു കൂട്ടായി സൂര്യയുമുണ്ട്. അവാർഡ് വാങ്ങിയ ശേഷം സൂര്യ തങ്ങളെ കാണാനെത്തുമെന്ന പ്രതീക്ഷയിലാണു സ്കൂളിലെ കുട്ടികൾ.
അച്ഛനും നടനുമായ ശിവകുമാർ വഴിയാണു സൂര്യയ്ക്ക് സ്കൂളുമായി ബന്ധം. ഇവിടെ വരണമെന്നുള്ള ആഗ്രഹം പങ്കുവച്ച് അടുത്തിടെ ഉമയുമായി സൂര്യ ഫോണിലും സംസാരിച്ചിരുന്നു. 2019ൽ നടൻ ശിവകുമാർ അട്ടപ്പാടിയിൽ വന്ന് ഒരു പകൽ മുഴുവൻ സ്കൂളിലെ കുട്ടികളോടൊപ്പം ചെലവഴിച്ചിരുന്നു. സൂര്യയുടെ ശബ്ദ സന്ദേശം കുട്ടികളെ കേൾപ്പിക്കുകയും ചെയ്തു. ‘അപ്പ’ എന്നാണു ശിവകുമാറിനെ ഉമ വിളിക്കുന്നത്.
സൂര്യയും സഹോദരനും നടനുമായ കാർത്തിക്കും ഉമയുടെ കളിക്കൂട്ടുകാരായിരുന്നു. സ്കൂളിന്റെ പ്രവർത്തനത്തിനു ഇരുവരും സഹായവും നൽകാറുണ്ട്. അഞ്ചു വയസ്സുള്ളപ്പോൾ മുതൽ ഉമയ്ക്കു ശിവകുമാറിനെ അറിയാം. അക്കാലത്ത് കോയമ്പത്തൂരിലെ സിന്തുമണി പുതൂരിൽ ശിവകുമാറിന്റെ വീടിനു സമീപത്തായിരുന്നു ഉമയും താമസിച്ചിരുന്നത്.