തിരൂർ: തിരയടിക്കുമ്പോൾ കരയിലേക്ക് തുള്ളിത്തുള്ളിയെത്തിയത് മത്തിപ്പട. കുട്ടയിലും ചാക്കിലും വാരിയെടുത്ത് നിറച്ച് നാട്ടുകാരും. പറവണ്ണയിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഓരോ തവണ തിരയടിക്കുമ്പോഴും തിരയിൽ വെള്ളത്തെക്കാൾ കൂടുതൽ കരയിലെത്തിയത് മത്തിക്കൂട്ടമാണ്. ഇന്നലെ രാവിലെയാണ് തിരൂർ വെട്ടം പറവണ്ണ ബീച്ചിലേക്ക് കടൽ കയറി മത്തിച്ചാകരയെത്തിയത്. അര മണിക്കൂറാണ് ഈ പ്രതിഭാസം നീണ്ടുനിന്നത്.

 

സമീപത്ത് ഉണ്ടായിരുന്ന നാട്ടുകാർ കുട്ടകളും സഞ്ചികളും സംഘടിപ്പിച്ച് മത്തി കോരിയെടുത്തു. ഓരോ തവണയും കൈകൾ തിരയിലേക്കു താഴ്ത്തി പൊക്കുമ്പോഴും ഒരു കൂട്ടം മത്തിയാണ് കയ്യിൽ തടഞ്ഞത്. തിരയിലെത്തി കരയിലേക്ക് ചാടി മണലിൽ വീണ മത്തി പെറുക്കാനും ആളുണ്ടായിരുന്നു. കയ്യിൽ കിട്ടിയ വല തിരയിൽ എറിഞ്ഞ് കരയിൽ നിന്ന് ചാകര കോരിയവരും ഏറെ. കടലിൽ ഇറങ്ങിയ വള്ളക്കാർക്കും കൈ നിറയെ കോളു കിട്ടി. ഇതോടെ ഇന്നലെ വിപണിയിൽ വൻ വിലക്കുറവിലാണ് മത്തി വിറ്റുപോയത്. ആഴ്ചകൾക്ക് മുൻപ് കൂട്ടായിയിലും പടിഞ്ഞാറേക്കരയിലും താനൂരിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു.