തീ തുപ്പുന്ന കാറിന് 44,250 രൂപ പിഴ. മലപ്പുറം വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നുമാണ് അപകടകരമാം വിധം മാറ്റങ്ങൾ വരുത്തിയതിന്
മോട്ടോർവാഹന വകുപ്പ് വൻതുക പിഴ ഈടാക്കിയത്.
കാറിൻ്റെ സൈലൻസറിൽ നിന്ന് തീ തുപ്പുന്ന വിവിധ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഷെയറും ലൈക്കും പ്രതീക്ഷിച്ചായിരുന്നു ദൃശ്യങ്ങൾ പങ്കുവച്ചത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപ്പെട്ടതോടെ പുലിവാലു പിടിച്ചു. ഉദ്യാഗസ്ഥർ കാറിനേയും ഉടമയേയും വലവീശി പിടിച്ചതോടെ ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44250 രൂപ. നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തീ തുപ്പുന്ന കാർ ഭീഷണിയാണന്ന കണ്ടെത്തലിലാണ് കടുത്ത നടപടി.
വരുന്ന തീ ഉപയോഗിച്ച് വിറക്, പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഉടമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാഹനത്തിൻ്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങൾ, ത്രീവത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറിൽ അനധികൃതമായി ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൻ്റെ ടയർ, സൈലൻസർ, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിട്ടുണ്ട്.വൻ തുക പിഴ അടച്ചാൽ മാത്രം പോര. ഏഴ് ദിവസത്തിനുള്ളിൽ കാർ യഥാർത്ഥ രൂപത്തിലാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.